മണ്ണാര്‍ക്കാട്: ആനയും പുലിയുമെല്ലാം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. നടപടിയെടുക്കാതെ അധികൃതർ. കാട്ടാന ശല്യം സ്ഥിരമായിരുന്ന വനമേഖലയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ നിലവിൽ മറ്റു വന്യ മൃഗങ്ങളും ഇറങ്ങുന്നത് പതിവായി. മണ്ണാര്‍ക്കാട് താലൂക്കിലെ തിരുവിഴാംകുന്ന്, കാഞ്ഞിരപ്പുഴ, കല്ലടിക്കോട് ഭാഗങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായത്.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലും പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലും കാട്ടാനകളാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. അതേസമയം, കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ ജനവാസ മേഖലകളില്‍ പുലിയുൾപ്പെടെയുള്ളവയെ കണ്ടുവരുന്നത് ഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. മൂന്നുദിവസം മുമ്പ് കാഞ്ഞിരപ്പുഴ കാഞ്ഞിരം പൂഞ്ചോല ഭാഗത്ത് ആടിനെ പുലി പിടികൂടി ഭക്ഷിക്കുകയും ചെയ്തിരുന്നു.
ഇതേ സ്ഥലത്തുനിന്ന് ഒന്നരകിലോമീറ്റര്മാറി ബുധനാഴ്ച പുലര്‍ച്ചയും വന്യജീവിയിറങ്ങി വളര്‍ത്തുമൃഗത്തെ ആക്രമിച്ചുകൊന്നു. കുറ്റിയാംപാടം സുനിലിന്റെ വളര്‍ത്തുനായെയാണ് ഭക്ഷിച്ചിട്ടുള്ളത്. നായുടെ കുരകേട്ടെങ്കിലും അസാധാരണമായൊന്നും വീട്ടുകാര്‍ കരുതിയതുമില്ല. ഈ സമയം ശക്തമായ മഴയുമുണ്ടായിരുന്നു. രാവിലെ വീട്ടുകാര്‍ നോക്കുമ്പോഴാണ് കെട്ടിയിട്ട നായെ കൊന്ന് ശരീരഭാഗം പകുതിയും ഭക്ഷിച്ച നിലയില്‍ കണ്ടത്. വിവരമറിയിച്ച പ്രകാരം വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
തുടര്‍ച്ചയായുള്ള വന്യമൃഗസാന്നിധ്യത്തില് നാട്ടുകാരും പ്രതിഷേധമറിയിച്ചു. വന്യമൃഗത്തെ പിടികൂടാനായി കൂട് സ്ഥാപിക്കാമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കുകയും വൈകുന്നേരത്തോടെ കൂട് സ്ഥാപിക്കുകയും ചെയ്തു. സുനിലിന്റെ വീട്ടുവളപ്പില്തന്നെയാണ് കൂടും നിരീക്ഷണകാമറയും സ്ഥാപിച്ചിട്ടുള്ളത്. പാലക്കയം വാക്കോടന്‍ ഭാഗത്തും പുലിയിറങ്ങി വളര്‍ത്തുനായെ പിടികൂടിയതായി നാട്ടുകാര്‍ പറയുന്നു.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കാട്ടാനകളിറങ്ങി കൃഷിനശിപ്പിക്കുന്നത് തുടര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞദിവസം അമ്പലപ്പാറ ഭാഗത്ത് കാട്ടാനയിറങ്ങി സമീപത്തെ ശിവഭദ്രകാളി ക്ഷേത്രം വളപ്പിലുള്ള ഊട്ടുപുരയുടെ ഒരുഭാഗവും ജലസംഭരണിയും തകര്‍ത്തു. പ്രദേശത്തെ റബര്‍മരങ്ങള്‍, കമുക് എന്നിവയും നശിപ്പിച്ചു. ടാപ്പിങ് തൊഴിലാളികളും ഭയംമൂലം ദിവസങ്ങളായി ടാപ്പിങ്ങിന് പോകുന്നില്ല. ഒരാഴ്ച മുമ്പും തിരുവിഴാംകുന്ന് മേഖലയില്‍ കാട്ടാനകളിറങ്ങി കൃഷിനശിപ്പിക്കുകയുണ്ടായി. തിരുവിഴാംകുന്ന് ഫാം വളപ്പില്‍ നിലയുറപ്പിച്ച കാട്ടാനകളെ പിന്നീട് വനംവകുപ്പും ആര്.ആര്.ടിയും ചേര്‍ന്ന് തുരത്തിയെങ്കിലും കാട്ടാനകള്‍ വീണ്ടും കാടിറങ്ങുകയാണ്. കല്ലടിക്കോട് മേഖലയില്‍ മീന്‍വല്ലം, മണലി ഭാഗങ്ങളിലും കഴിഞ്ഞദിവസം കാട്ടാനകളിറങ്ങി കൃഷിനശിപ്പിച്ചു.
ചക്കാംതൊടി, കളപ്പാറ, മുട്ടിയന്‍കാട്, പരിയംപാടം ഭാഗങ്ങളിലും കാട്ടാനകള്‍ നിത്യേന കൃഷിയിടത്തിലിറങ്ങി നാശംവരുത്തുകയാണ്. കാട്ടാനയിറക്കം തടയാനായി വനംവകുപ്പിന്റെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ചുവരികയാണെന്ന് മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ് പറഞ്ഞു. സോളാര്വേലികളുടെ നിര്‍മാണവും നടത്തിവരുന്നുണ്ട്. വനംവകുപ്പും ആര്.ആര്.ടിയും നിരീക്ഷണം ശക്തമാക്കുന്നുണ്ടെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.