പുതുനഗരം പൂന്തോണിയിലെ എം.സി.എഫ് കത്തിച്ച നിലയിൽ, മാലിന്യം നിറഞ്ഞ എം.സി.എഫ് (രണ്ടു ദിവസം മുമ്പ് എടുത്ത ചിത്രം)
പുതുനഗരം: റോഡരികിൽ മാലിന്യങ്ങൾ സൂക്ഷിച്ച എം.സി.എഫ് അജ്ഞാതർ അഗ്നിക്കിരയാക്കി. പുതുനഗരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റേഷൻ സെന്ററുകളി (എം.സി.എഫ്കൾ) ഒന്നാണ് തീവെച്ച് നശിപ്പിച്ചത്. പാലക്കാട്-കൊല്ലങ്കോട് റോഡിൽ പൂന്തോണിയിൽ സ്ഥാപിച്ച എം.സി.എഫിനാണ് ആണ് കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധർ തീയിട്ടത്.
പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം വ്യാപകമാണ്. രണ്ടു മാസം മുമ്പും ഇതേ രീതിയിൽ മാലിന്യം നിറഞ്ഞ എം.സി.എഫ് അജ്ഞാതർ തീ വെച്ച് നശിപ്പിച്ചിരുന്നു. ഹരിത കേരള മിഷൻ നടപ്പാക്കി വരുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ഹരിത കർമസേന വിവിധയിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം വാർഡുകളിലും പൊതുസ്ഥല ങ്ങളിലും സ്ഥാപിച്ച മിനി എം.സി.എഫ് ഫിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ഇവ നിറയുമ്പോൾ വേർതിരിച്ച മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഏജൻസികൾക്ക് കൈമാറുന്നതാണ് പദ്ധതി. ഇത്തരത്തിൽ വേർതിരിച്ച മാലിന്യങ്ങൾ ചാക്കുകളിലാക്കി പൂന്തോണിയിലെ എം.സി.എഫിൽ സംഭരിച്ചിരുന്നു. എം.സി.എഫിനു ചുറ്റും മാലിന്യം വലിച്ചെറിഞ്ഞ് ദുർഗന്ധം പരക്കുന്നതും പ്രദേശത്ത് വ്യാപകമാണ്. അസഹ്യമായ ദുർഗന്ധം കൊണ്ട് പൊറുതിമുട്ടി ആരെങ്കിലും തീവെച്ചതാകാം എന്നും പറയുന്നു.
വേർതിരിച്ച മാലിന്യങ്ങൾ നിറഞ്ഞു കഴിഞ്ഞാൽ ഉടൻ എടുത്തു മാറ്റാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എം.സി.എഫുകൾക്ക് സമീപം മാലിന്യങ്ങൾ വലിച്ചെറിയുന്നത് കണ്ടെത്താൻ സി.സി.ടി.വി കാമറകൾ പൂന്തോണി, കരിപ്പോട് തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.