തകർന്ന നെന്മാറ അളുവശേരി - നെല്ലിച്ചോട് റോഡ്
നെന്മാറ: അളുവശ്ശേരി നെല്ലിച്ചോട് റോഡ് തകർന്നു. പോത്തുണ്ടി ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും എലവഞ്ചേരി, പല്ലാവൂർ ജലസംഭരണികളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായും ജല വിതരണ കുഴലുകൾ സ്ഥാപിക്കുന്നതിനുമായി റോഡിന്റെ ഇരുവശങ്ങളിലും ആഴത്തിൽ ചാലുകീറി പൈപ്പുകൾ സ്ഥാപിച്ചിരുന്നു. ഇതോടെ റോഡിന്റെ മധ്യഭാഗത്ത് മാത്രം ടാറിങ് ശേഷിക്കുന്ന സ്ഥിതിയായി. പോത്തുണ്ടി അണക്കെട്ടിൽനിന്നുള്ള വലതുകര കനാലിനോട് ചേർന്നുള്ള റോഡിനാണ് ഈ ദുർഗതി. അളുവശ്ശേരിയിൽ നിന്നും ചേരുംകാട്, കൊടുവാൾ പാറ, അയ്യർ പള്ളം, അരിമ്പൂർ പതി, തിരുത്തം പാടം, നെല്ലിച്ചോട് പ്രദേശങ്ങളിലുള്ളവർക്ക് നെന്മാറയുമായി ബന്ധപ്പെടാനുള്ള ആറ് കിലോമീറ്റർ ദൈർഘ്യമുള്ള പോത്തുണ്ടി ബോയൻ കോളനി വരെയുള്ള റോഡാണ് തകർന്നത്.
തകർച്ചയെ തുടർന്ന് ഇതുവഴി സർവിസ് നടത്തിയിരുന്ന രണ്ടു ബസ്സുകളിൽ ഒന്ന് ഓട്ടം നിർത്തിവെച്ചു. സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും ഈ റൂട്ടിലേക്ക് വരുന്നില്ല. കാർഷിക ഉത്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കാൻ ഭാരവാഹനങ്ങളും വരാതായതോടെ തീർത്തും ദുരിതത്തിലാണ് പ്രദേശവാസികൾ. ഇരുചക്രവാഹനങ്ങളും ജീപ്പുകളും മാത്രമാണ് ഇതുവഴി സഞ്ചരിക്കുന്നത്.
പ്രദേശവാസികളുടെ പരാതിയെ തുടർന്ന് തകർന്ന റോഡിലെ ചില ഭാഗങ്ങളിൽ പാറ മണൽ വിതറി താൽക്കാലിക പരിഹാരശ്രമം നടത്തിയിട്ടുണ്ടെങ്കിലും മഴപെയ്തതോടെ മിക്ക സ്ഥലങ്ങളും വീണ്ടും ചളിക്കുളമായി. റോഡ് പുനർ നിർമാണത്തിനുള്ള തുക മുൻകൂറായി പഞ്ചായത്തിന് നൽകി അനുമതി വാങ്ങിയ ശേഷം മാത്രമാണ് റോഡ് പൊളിച്ച് കുഴൽ സ്ഥാപിച്ചത് എന്ന് ജൽജീവൻ മിഷൻ അധികൃതർ പറഞ്ഞു.
റോഡ് പുനർനിർമാണത്തിനുള്ള ചുമതല പഞ്ചായത്തിനാണെന്നും പഞ്ചായത്ത് തുക വകമാറി ചെലവഴിച്ചതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയതെന്നും ആരോപണമുയർന്നു.
നിരവധി തവണ ജനപ്രതിനിധികളോടും പഞ്ചായത്തിലും പരാതിപ്പെട്ടിട്ടും റോഡ് നേരെയാക്കാൻ അധികൃതർ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിന് ഒരുങ്ങാൻ തയാറാവുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.