വടക്കാഞ്ചേരി: മൈക്രോ ഫിനാൻസ് സ്ഥാപന അധികൃതരുടെ ഭീഷണിമൂലം ജില്ലയിൽ ആത്മഹത്യ പെരുകുന്നു. ഇത്തരം സ്ഥാപനങ്ങൾ മൂലം ജില്ലയിൽ മൂന്ന് മാസത്തിനിടെ നിരവധി പേരാണ് ജീവനൊടുക്കിയത്. ഗ്രാമീണ മേഖലയിലെ നിരവധി വീട്ടമ്മമാർ ആത്മഹത്യമുനമ്പിലാണ്.
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ യുവതീയുവാക്കളെ ജോലിക്കെടുത്ത് ടാർഗറ്റ് നൽകിയാണ് വായ്പതുക പിരിക്കാൻ വിടുന്നത്. ടാർഗറ്റ് തുക പൂർത്തീകരിക്കാൻ സമ്മർദം ഉള്ളതിനാൽ ഏതുവിധേനയും വായ്പ പിരിച്ചെടുക്കുകയാണിവർ. ജോലി നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ ഇവർ വായ്പയെടുത്തവർക്കുമേൽ മനുഷത്വരഹിതമായ സമ്മർദം അടിച്ചേൽപ്പിക്കുന്നു. സമ്മർദം താങ്ങാൻ കഴിയാതെ ജില്ലയിലെ ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിതന്നെ ആത്മഹത്യ ചെയ്ത സംഭവം പോലുമുണ്ടായി.
അമ്പതിലധികം മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളാണ് ആലത്തൂർ താലൂക്കിലുള്ളത്. ചെറിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മാത്രം നിരവധി മൈക്രോ ഫിനാൻസ് സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. അഞ്ച് പേർ, 10 പേർ എന്നിങ്ങനെ ചെറുസംഘങ്ങൾക്കാണ് മൈക്രോ ഫിനാൻസുകാർ പതിനായിരം രൂപ മുതൽ ലക്ഷം രൂപ വരെ നൽകുന്നത്. ആധാർ കാർഡ്, ചെക്ക്, നികുതി രശീതി, ആധാരത്തിന്റെ കോപ്പി എന്നിവയൊക്കെ വാങ്ങിവെച്ചാണ് തുക നൽകുന്നത്.
ആഴ്ച തവണകളായി തിരിച്ചടവ് ക്രമീകരിച്ച് 28 മുതൽ 35 ശതമാനം വരെ പലിശ ഈടാക്കുന്നു. തിരിച്ചടക്കാൻ പറ്റാതാമ്പോൾ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്താണ് തിരിച്ചടക്കുന്നത്. ഇങ്ങനെ കടക്കെണിയിൽ നിന്ന് ഊരിപ്പോകാൻ പറ്റാത്തവിധം പലരും കുടുക്കിലാവുകയാണ്. നിത്യേന ജോലിക്ക് പോയാൽ മാത്രം പട്ടിണിയില്ലാതെ ജീവിക്കാൻ കഴിയുന്ന സാധാരണക്കാരാണ് ഈ കൊള്ളപ്പലിശക്കാരുടെ നീരാളിപ്പിടിത്തത്തിലമരുന്നത്.
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സർക്കാർ തയാറാവണമെന്ന ആവശ്യം ശക്തമാണ്. അതിനായി ഓപറേഷൻ കുബേര ശക്തമായി നടപ്പാക്കണമെന്നാണ് നിർദേശം. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ മാർഗനിർദേശങ്ങൾ ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും വനിതസംഘടനകളും മുഖ്യമന്ത്രിക്ക് പരാതികൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.