കോട്ടയിലെ ചെഞ്ചെവിയൻ ആമകളെ നീക്കാൻ നടപടി

പാലക്കാട്: അധിനിവേശ ജീവിയായ ചെഞ്ചെവിയൻ ആമകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് പാലക്കാട് ടിപ്പുസുൽത്താൻ കോട്ടക്ക് ചുറ്റുമുള്ള കിടങ്ങ് കെ.എഫ്.ആര്‍.ഐ ഗവേഷക സംഘം സന്ദർശിച്ചു. ഇവിടെ പെറ്റുപെരുകിയ ആമകളെ നീക്കുന്നതടക്കം നടപടി ആരായുമെന്ന് പീച്ചി കെ.എഫ്‌.ആർ.ഐയിൽ ഗവേഷകരായ കാർത്തിക എം. നായർ, മനീഷ് അമ്മാട്ടിൽ എന്നിവർ 'മാധ്യമ'ത്തോട് പറഞ്ഞു.

കോട്ടക്ക് ചുറ്റുമുള്ള കിടങ്ങിൽ ചെഞ്ചെവിയൻ ആമകളുടെ സാന്നിധ്യമുണ്ടെന്ന് കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംഘമെത്തിയത്. മെക്സിക്കൻ സ്വദേശിയായ ചെഞ്ചെവിയൻ ആമയുടെ ശാസ്ത്രനാമം ട്രക്കിമിസ് സ്‌ക്രിപ്റ്റ എലഗൻസ്‌ എന്നാണ്.

ജലത്തിലെ ആവാസവ്യവസ്ഥ നശിപ്പിക്കാനും മനുഷ്യശരീരത്തിന് ഹാനികരമായ ബാക്ടീരിയകളെ വഹിക്കുന്നതുമായ ഇവ അക്വേറിയത്തിലും മറ്റും വളർത്തുജീവികളായാണ് സംസ്ഥാനത്തെത്തിയത്. ജലാശയങ്ങളിലെയും കുളങ്ങളിലെയും ആവാസ വ്യവസ്ഥയെ വളരെ വേഗത്തിൽ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ചെഞ്ചെവിയൻ ആമകൾ അഥവാ റെഡ്‌ ഇയോർഡ്‌ സ്ലൈഡർ ടർട്ടിൽ.

ഇവയെ വളർത്തുന്നതും വിൽക്കുന്നതും നിരോധിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരുടെ ഏറെനാളായുള്ള ആവശ്യമാണ്. അധിനിവേശ ജീവികളെ കൈകാര്യം ചെയ്യുന്ന പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ നേതൃത്വത്തിൽ കെണിയൊരുക്കി ആമകളെ പുനരധിവാസ കേന്ദ്രത്തിലേക്ക്‌ മാറ്റാനാണ്‌ തീരുമാനം.

ഇത്തരം ആമകളെ പിടികൂടാൻ കെ.എഫ്.ആർ.ഐ തയാറാക്കിയ കെണിക്കൂടിന്‍റെ ആദ്യഘട്ട പരീക്ഷണവും കോട്ടയിൽ നടത്തുമെന്ന് ഗവേഷണസംഘം പറഞ്ഞു. നിലവിൽ റെഡ് ഇയേർഡ് ടർട്ടിൽ മാത്രമാണ് ആമ വിഭാഗത്തിൽപെട്ടവയുടെ അധിനിവേശ പട്ടികയിലുള്ളത്. 

Tags:    
News Summary - Steps taken to remove red eared turtles from the fort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.