മൂന്ന് വർഷത്തിലധികമായി തകർന്ന ഗോവിന്ദാപുരം ആർ.ടി.ഒ ചെക്ക് പോസ്റ്റിലെ ബാരിക്കേഡ്
ഗോവിന്ദാപുരം: കൈക്കൂലിക്ക് അറുതിവരാതെ ഗോവിന്ദാപുരം മോട്ടോർ വാഹന ചെക്ക് പോസ്റ്റ്. ആറ് മാസത്തിൽ രണ്ട് തവണ വിജിലൻസ് പരിശോധിച്ച് കൈക്കൂലി കണ്ടെത്തി ഉദ്യോഗസ്ഥരെ മാറ്റിയെങ്കിലും അഴിമതി ഇപ്പോഴും വ്യാപകമാണ്. എത്ര തവണ വിജിലൻസ് അധികൃതർ കൈക്കൂലിക്കാരെ പിടികൂടിയെങ്കിലും വീണ്ടും കൈക്കൂലി വാങ്ങി വാഹനങ്ങൾ കടത്തിവിടുന്ന ഉദ്യോഗസ്ഥരാണ് അതിർത്തിയിൽ എത്തുന്നത്.
മോട്ടോർ വാഹന ചെക്ക് പോസ്റ്റിലെ തകർന്ന ബാരിക്കേഡ് അറ്റകുറ്റപ്പണി നടത്താതെയാണ് അതിർത്തി കടക്കുന്ന വാഹനങ്ങളിൽനിന്ന് കൈക്കൂലി വാങ്ങി കടത്തിവിടുന്നത്. തകർന്ന ബാരിക്കേഡ് ശരിയാക്കാൻ ഉദ്യോഗസ്ഥർ രംഗത്ത് വരാത്തത് അഴിമതി വീണ്ടും വർധിക്കാൻ കാരണമായതായി നാട്ടുകാർ പറഞ്ഞു. തൊട്ടടുത്ത എക്സൈസ് ചെക്ക് പോസ്റ്റിലും സമാന സ്ഥിതിയാണ്. ഇവിടെയും ബാരിക്കേഡ് ഉണ്ടായിരുന്നെങ്കിലും നിലവിൽ പ്രവർത്തിപ്പിക്കുന്നില്ല.
വാഹനങ്ങൾ സ്വമേധയാ നിർത്തി രേഖകൾ കാണിച്ച് പോകണം എന്നതാണ് ഇവിടെയുള്ള സ്ഥിതി. വാഹനം തടഞ്ഞുനിർത്തി പരിശോധനയും ഇവിടെയില്ല. ഇത് വ്യാപക ലഹരിക്കടത്തിന് കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.