കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് നിയോഗിച്ച അഞ്ചംഗ അന്വേഷണ കമീഷൻ സമർപ്പിച്ച റിപ്പോർട്ട്
പാലക്കാട്: സക്ഷം പദ്ധതിയുടെ ഭാഗമായി അംഗൻവാടികളിലേക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രോജക്ടിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തൽ. കൊല്ലങ്കോട് ഐ.സി.ഡി.എസിൽ സക്ഷം ഫണ്ട് ചെലവഴിച്ചതിൽ 50 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ‘മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശ പ്രകാരം അഞ്ചംഗ കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഐ.സി.ഡി.എസിന് കീഴിലുള്ള 142 അംഗൻവാടികളിലേക്കായി 1.42 കോടി രൂപയാണ് പദ്ധതി പ്രകാരം സർക്കാർ അനുവദിച്ചിരുന്നത്.
കുട്ടികൾക്ക് ആവശ്യമായ കളിയുപകരണങ്ങൾ, കസേരകൾ, മാറ്റുകൾ, വാട്ടർ പ്യൂരിഫയറുകൾ തുടങ്ങിയ സാധനങ്ങൾ വാങ്ങാനാണ് തുക വിനിയോഗിക്കേണ്ടത്. ഇതിലാണ് വൻ അഴിമതി നടന്നിരിക്കുന്നത്. ബ്ലോക്ക് തല അന്വേഷണത്തിലും ക്രമക്കേട് നടന്നത് കണ്ടെത്തിയിട്ടുണ്ട്. ജെം പോർട്ടലിന്റെ മറവിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന പല സാധനങ്ങളും മാർക്കറ്റ് വിലയേക്കാൾ ഉയർന്ന നിരക്കിലാണ് വാങ്ങിയിരിക്കുന്നതെന്നും ആരോപണത്തിന് വിധേയരായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അന്വേഷണ കമീഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കൊല്ലങ്കോട്, വടവന്നൂർ, കൊടുവായൂർ, പെരുമാട്ടി, മുതലമട, പുതുനഗരം, പട്ടഞ്ചേരി പഞ്ചായത്തുകളിലെ 142 അംഗൻവാടികളിൽ ശിശു സൗഹൃദ ഫ്ലോർ മാറ്റ് കൃത്യമായി നൽകിയിട്ടില്ല. ഓരോ അംഗൻവാടിക്കും കുറഞ്ഞത് 200 ചതുരശ്ര അടി ഫ്ലോർ മാറ്റ് എങ്കിലും വേണമെന്നിരിക്കെ നൽകിയത് 100 ചതുരശ്ര അടി മാത്രമാണ്. ടെൻഡർ വിളിച്ചപ്പോൾ ആവശ്യമായ ഫണ്ട് ഉണ്ടായിട്ടും മനഃപൂർവം കുറവ് അളവിൽ മാത്രം ശിശു സൗഹൃദ ഫ്ലോർ മാറ്റ് വാങ്ങിയതായാണ് ആരോപണം.
മറ്റു ഐ.സി.ഡി.എസ് പ്രോജക്റ്റ് ഓഫിസുകൾക്ക് കീഴിലുള്ള അംഗൻവാടികളിൽ ആവശ്യത്തിന് വിതരണം ചെയ്തിട്ടുണ്ടെങ്കിലും കൊല്ലങ്കോട് ഐ.സി.ഡി.എസിന് കീഴിൽ ഇത് നടപ്പാക്കിയിട്ടില്ല. പല കേന്ദ്രങ്ങളിലും പകുതി മാത്രമാണ് പെയിന്റിങ് ചെയ്തിട്ടുള്ളത്. ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ തങ്ങളുടെ പഞ്ചായത്തിലെ അംഗൻവാടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇടപെടൽ നടത്തിയില്ല എന്ന വിമർശനവും ശക്തമാണ്.
തട്ടിപ്പ് സംബന്ധിച്ച് നേരത്തെ വടക്കഞ്ചേരി സ്വദേശി പരാതി നൽകിയിരുന്നുവെങ്കിലും വകുപ്പ് നടത്തിയ ഓഡിറ്റിങ്ങിൽ വാങ്ങൽ നടപടികളെല്ലാം സുതാര്യമായിരുന്നുവെന്നാണ് ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസ് അധികൃതരുടെ മറുപടി. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം നടത്തിയത്. നിലവിൽ വനിത ശിശു വികസന വകുപ്പ് ഡയറക്ടർ, വിജിലൻസ് ഡയറക്ടർ, ജില്ല വനിത ശിശു വകുപ്പ് ഓഫിസർ, ജില്ല കലക്ടർ എന്നിവർക്ക് വടക്കഞ്ചേരി സ്വദേശി പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.