പറമ്പിക്കുളം ഡാം

പറമ്പിക്കുളം ഡാം പരിശോധനക്ക് തടസ്സമായത് തമിഴ്നാടിന്‍റെ എതിർപ്പ്

പാലക്കാട്: കേരളത്തിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം ഡാമിന്‍റെ സുരക്ഷ പരിശോധനക്ക് തടസ്സമായത് തമിഴ്നാടിന്‍റെ ശക്തമായ എതിർപ്പ്. സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷ പരിശോധന ചുമതലയുള്ള കേരള ഡാം സുരക്ഷ അതോറിറ്റിക്കും സേഫ്റ്റി റിവ്യൂ പാനലിലും പറമ്പിക്കുളം ഡാം പരിശോധിക്കാനുള്ള അനുമതി തമിഴ്നാട് നൽകാറില്ല. അന്തർ സംസ്ഥാന നദീജല കരാർ പ്രകാരം കേരളത്തിന്‍റെ ഭൂപ്രദേശത്ത് തമിഴ്നാട് നിർമിച്ചതാണ് പറമ്പിക്കുളം ഡാം.

ഇതുപ്രകാരം ഡാമിന്‍റെ നടത്തിപ്പും അറ്റകുറ്റപ്പണിയുടെ ചുമതലയും തമിഴ്നാടിനാണ്. പറമ്പിക്കുളം ഡാം ഒരു തവണ പോലും പരിശോധിക്കാൻ കേരള ഡാം സുരക്ഷ അതോറിറ്റിയെ അവർ അനുവദിച്ചിട്ടില്ല. അന്തർ സംസ്ഥാന അണക്കെട്ടുകളുടെ പരിശോധനക്ക് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിൽ നാഷനൽ കമ്മിറ്റി ഓൺ ഡാം സേഫ്റ്റി എന്ന സംവിധാനമുണ്ട്. ഇതിനു കീഴിൽ കേരള - തമിഴ്നാട് ജലവിഭവ വകുപ്പിലെ വിദഗ്ധർ ഉൾപ്പെടുന്ന സബ് കമ്മിറ്റിയാണ് ഇത്തരം ഡാമുകളുടെ സുരക്ഷ പരിശോധനക്ക് നേതൃത്വം നൽകേണ്ടത്.

90കൾ വരെ ഈ പരിശോധന തുടർന്നിരുന്നെങ്കിലും പിന്നീട് നിലച്ചു. പറമ്പിക്കുളം ഡാമിന്‍റെ പരിശോധനക്ക് തമിഴ്നാട് എതിർപ്പ് അറിയിച്ചപ്പോൾ ഡാം സേഫ്റ്റി സബ് കമ്മിറ്റി പുനഃസംഘടിപ്പിച്ച്, പരിശോധന പുനരാരംഭിക്കണമെന്ന ആവശ്യം കേരളം കേന്ദ്ര സർക്കാർ മുമ്പാകെ വെച്ചിരുന്നു. എന്നാൽ, തമിഴ്നാട് ഈ ആവശ്യത്തോടും മുഖംതിരിച്ചു. നിലവിൽ, തമിഴ്നാട് ജലവിഭവ വകുപ്പിന് കീഴിലുള്ള ഓപറേഷൻ ആൻഡ് മെയിന്‍റനൻസ് വിഭാഗമാണ് ഡാമിന്‍റെ വാർഷിക അറ്റകുറ്റപണി നടത്തുന്നത്.

മോട്ടോർ ഉപയോഗിച്ച് ഉയർത്തുന്ന ഹൈഡ്രോ മെക്കാനിക്കൽ സ്റ്റീൽ നിർമിത ഷട്ടറുകളാണ് പറമ്പിക്കുളം ഡാമിന്‍റേത്. കഴിഞ്ഞ ജൂലൈ 21ന് ഡാമിന്‍റെ ഷട്ടറിന് തകരാർ സംഭവിച്ചിരുന്നു. ഷട്ടറുകളിലൊന്ന് ഉയർത്താൻ കഴിയാതെ നിന്നുപോവുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് തകരാർ പരിഹരിച്ചത്. ഇപ്പോൾ, ഷട്ടർ താനേ ഉയരാനുണ്ടായ സാഹചര്യം എന്താണെന്ന് തമിഴ്നാട് വെളിപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് കേരള ജലവിഭവ വകുപ്പ് സെക്രട്ടറി, തമിഴ്നാട് ജല വിഭവ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയെന്നാണ് വിവരം. 

Tags:    
News Summary - Parambikulam dam inspection was obstructed by Tamil Nadu's opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.