രാമാനു ജൻ
പട്ടാമ്പി: ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ. എന്നാൽ, അതേ പേരിൽ ഇങ്ങ് കേരളത്തിലും ഗണിതശാസ്ത്ര ഉന്നമനത്തിനായി ജീവിക്കുന്ന മറ്റൊരു രാമാനുജനുണ്ട്. ഗണിതശാസ്ത്രമേളയിൽ ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത നിർമിതി മത്സരയിനമാകാൻ പ്രയത്നിച്ച പുലാപ്പറ്റ എം.എൻ.കെ.എം ഗവ. എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി അധ്യാപകൻ രാമാനുജൻ.
അമേരിക്കയിലുള്ള സാൽസ്ബർഗ് സർവകലാശാലയിലെ മർകസ് ഹോവൻ വാർടർ 2001ൽ തന്റെ മാസ്റ്റേഴ്സ് തീസിസിന്റെ ഭാഗമായി നിർമിക്കുകയും ഇപ്പോഴും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ ഗണിത പഠന സ്വതന്ത്ര സോഫ്റ്റ് വെയറാണ് ജിയോജിബ്ര. ജ്യാമിതീയ രൂപങ്ങൾ വരക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള സ്വതന്ത്ര സോഫ്റ്റ് വെയറാണ് ജിയോജിബ്ര. പ്രൈമറി സ്കൂൾ മുതൽ യൂനിവേഴ്സിറ്റി തലംവരെ ലളിതമായി ഗണിതവും ശാസ്ത്രവും പഠിക്കാനും പഠിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണിത്.
എന്നാൽ, ഇതിന് ഇന്ത്യയിൽ പ്രചാരം കുറവായിരുന്നിട്ടും ജിയോജിബ്രയുടെ സാധ്യതകൾ മനസ്സിലാക്കിയ രാമാനുജൻ മാഷ് അവ സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതിന്റെ ഫലമായി 2008 മുതൽ യു.പി, ഹൈസ്കൂൾ ക്ലാസുകളിലെ ടീച്ചർ ഹാന്റ്ബുക്കിലും 2012 മുതൽ ടെക്സ്റ്റ് ബുക്കിലും ജിയോജിബ്ര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 മുതൽ എച്ച്.എച്ച്.എസ് മാത്സ് ലാബിൽ നടപ്പാക്കുകയും ചെയ്തു.
ഇന്ത്യയിൽ തന്നെ കേരളത്തിൽ മാത്രമാണ് ജിയോജിബ്ര ഫ്രീ സോഫ്റ്റ്വെയർ ആദ്യമായി നടപ്പാക്കിയത്. എൻ.സി.ഇ.ആർ.ടി സിലബസ് പിന്തുടരുന്ന മറ്റു സംസ്ഥാനങ്ങൾ ജിയോജിബ്ര നടപ്പാക്കാത്തിടത്താണ് കണക്ക് പഠനം ലളതമാക്കാൻ സാഹായിക്കുന്ന ഈ ഫ്രീ സോഫ്റ്റ്വെയർ കേരള സിലബസിൽ ഉൾപ്പെടുത്തിയത്. ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത നിർമിതി ശാസ്ത്രമേളയിൽ ഇനമായി ഈ വർഷം മുതൽ നടപ്പാക്കുകയും ചെയ്തു. രാമാനുജന്റെ മാതാപിതാക്കളായ രംഗനാഥനും സരോജിനിയും ഗണിതാധ്യാപകരായിരുന്നു. ഭാര്യ മഞ്ജുളയും ഗണിതാധ്യാപികയാണ്. മക്കൾ: ഡിഗ്രി വിദ്യാർഥിയായ ഗൗതം, ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അദ്വൈത്.
പട്ടാമ്പി: മിന്നൽ മുരളി താരം ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിലും മിന്നുംതാരമായി. ഹൈസ്കൂൾ വിഭാഗം ഗണിതമേളയിൽ ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത നിർമിതിയിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്താണ് ബാലതാരമായ വാണിയംകുളം ടി.ആർ.കെ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസുകാരൻ വസിഷ്ഠ് ശ്രദ്ധേയനായത്. നേരത്തെ പൂർത്തിയായ ഐ.ടി ക്വിസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ രണ്ടിനങ്ങളിൽ മത്സരിക്കാൻ വസിഷ്ഠ് അർഹത നേടിക്കഴിഞ്ഞു.
വസിഷ്ഠ്
കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചാക്യാർകൂത്തിലും വസിഷ്ഠ് പങ്കെടുത്തിരുന്നു. ‘മിന്നൽ മുരളി’ സിനിമയിൽ സൂപ്പർ പവറുള്ള നായകൻ ടൊവിനോയുടെ മരുമകനായ ജോസ് മോനെ വെള്ളിത്തിരയിൽ അനശ്വരനാക്കി പ്രേക്ഷക മനസ്സിൽ പ്രതിഷ്ഠ നേടിയ ബാലതാരമാണ് വസിഷ്ഠ്. ഷൊർണൂർ എ.യു.പി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സിനിമ പ്രവേശം. ചാൾസ് എന്റർപ്രൈസസ്, മാരിവില്ലിൻ ഗോപുരങ്ങൾ, മമ്മൂട്ടിയുടെ ബസൂക്ക എന്നീ സിനിമകളിൽ വസിഷ്ഠ് വേഷമിട്ടിട്ടുണ്ട്. തമിഴിൽ ബിഗ് ബജറ്റ് സിനിമയുടെ ഭാഗമാകാനുള്ള തയാറെടുപ്പിലാണ് ഈ ബാലപ്രതിഭ. ടി.ആർ.കെ ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എസ്.എസ് കെമിസ്ട്രി അധ്യാപകനും ഷൊർണൂർ സ്വദേശിയുമായ പി. ഉമേഷിന്റെയും എച്ച്.എസ് വിഭാഗം അധ്യാപിക സി. ജ്യോതിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.