പാലക്കാട്: ഭൂമി തരംമാറ്റൽ സംബന്ധിച്ച ക്രമക്കേട് ഉൾപ്പെടെയുള്ള ചർച്ചകളിൽ ചൂടുപിടിച്ച് നഗരസഭ കൗൺസിൽ യോഗം. വിവിധയിടങ്ങളിൽ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഇടപെടലിൽ അനധികൃതമായി ഭൂമി തരംമാറ്റി നൽകുകയാണെന്നും അന്വേഷണം വേണമെന്നും ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാർ ആവശ്യപ്പെട്ടു. യു.ഡി.എഫ് കൗൺസിലർ മൻസൂർ അവതരിപ്പിച്ച പ്രമേയത്തെ തുടർന്നായിരുന്നു ചർച്ച.
നഗരസഭയിലെ കൃഷിഭൂമി സംബന്ധിച്ച വിവരാവകാശ ചോദ്യത്തിൽ വിശദാംശങ്ങളാരാഞ്ഞപ്പോൾ കൃത്യമായ വിവരങ്ങളില്ലെന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് മൻസൂർ പറഞ്ഞു. നഗരത്തിലെ കൃഷിഭൂമിയുടെ അളവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അനുമതി നൽകുന്നതിന് നഗരസഭക്ക് കീഴിൽ രൂപവത്കരിച്ച എൽ.എൽ.എം കമ്മിറ്റികൾ തട്ടിപ്പിന് ഒത്താശ ചെയ്യുന്നു. നടപടി വൈകുന്നത് ഒരുവിഭാഗത്തിന് ഒത്താശ ചെയ്യലാണെന്നും മൻസൂർ പറഞ്ഞു. ഒരേക്കർ സ്ഥലമുള്ളവർ തടിതപ്പുമ്പോൾ ഡാറ്റ ബാങ്കിൽ രണ്ടുസെന്റിൽ ഭവനപദ്ധതിക്ക് അനുമതി കിട്ടാതെ സാധാരണക്കാർ വലയുകയാണ്. നഗര പരിധിയിൽ കൃഷിഭൂമി വെറും എട്ടുശതമാനമായി കുറഞ്ഞു. പരാതിയുയരുമ്പോൾ വില്ലേജ് ഓഫിസർ പോലും പരിശോധിക്കാനെത്താത്ത സാഹചര്യം ഗൗരവമുള്ളതാണ്. വിവരാകാശപ്രകാരം പോലും ഭൂമിയുടെ വിശദാംശങ്ങൾ ലഭ്യമാകാത്ത സാഹചര്യമാണെന്നും മൻസൂർ പ്രമേയത്തിൽ പറഞ്ഞു.
നഗരസഭക്ക് വിഷയത്തിൽ കാര്യമായൊന്നും ചെയ്യാനാവില്ലെന്നും കൃഷിവകുപ്പ് സംസ്ഥാന സർക്കാറിന് കീഴിലാണെന്നും മുതിർന്ന ബി.ജെ.പി കൗൺസിലർ ശിവരാജൻ പറഞ്ഞു. എന്നാൽ തുടർന്ന് സംസാരിച്ച ബി.ജെ.പി കൗൺസിലർ സ്മിതേഷ് വിഷയത്തിൽ നഗരസഭക്ക് നടപടിയെടുക്കാനാവുമെന്നും വിശദ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മുമ്പും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സമാന ഇടപെടലുകൾ സംബന്ധിച്ച് ആരോപണമുയർന്നിരുന്നെന്ന് മുൻ ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞു.
പലപ്പോഴും ഉദ്യോഗസ്ഥർക്കൊപ്പം ഭൂമാഫിയകൾ നിയോഗിക്കുന്നവരും ഉണ്ടെന്നും പ്രമീള പറഞ്ഞു. 252 ഏക്കർ കൃഷിഭൂമിയേ നഗരസഭയിലുള്ളൂ എന്നതടക്കം മൻസൂർ അവതരിപ്പിച്ച പ്രമേയത്തിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്നും അംഗീകരിക്കാനാവില്ലെന്നും തുടർന്ന് സംസാരിച്ച ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് വിശ്വൻ പറഞ്ഞു. ഭൂമി തരംമാറ്റുന്നത് കോടതി വഴിയും ആർ.ഡി.ഒ ഓഫിസ് വഴിയും നടക്കുന്നുണ്ട്. എൽ.എൽ.എം.സിയെ മാത്രം ലക്ഷ്യം വെച്ച് ആരോപണമുയരുന്നതിൽ നിക്ഷിപ്ത താൽപര്യമുണ്ട്. എൽ.എൽ.എം കമ്മിറ്റിക്ക് മുന്നിൽ വീട് നിർമാണത്തിനുള്ള സാധാരണക്കാരുടെ 400ഓളം അപേക്ഷകൾ വരുന്ന നാലിന് പരിഗണനക്ക് എത്താനിരിക്കെ അന്വേഷണം പ്രഖ്യാപിച്ചാൽ പ്രതികൂലമായി ബാധിക്കുമെന്നും വിശ്വൻ പറഞ്ഞു.
കെട്ടിട നികുതി, പെർമിറ്റ്, അപേക്ഷ ഫീസുകൾ വർധിപ്പിച്ച് പൊതുജനങ്ങളുടെമേൽ അധികഭാരം ചുമത്തുന്ന അധികനികുതി സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നും നികുതി വർധന വേണ്ടെന്ന് വെക്കാൻ നഗരസഭ തയാറാവണമെന്നും വെൽഫെയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.