ജില്ല കായികമേളയിൽ സ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ പറളി എച്ച്.എസ്.എസ് ടീം
ചാത്തന്നൂർ: ജില്ല കായികമേള സമാപിച്ചപ്പോൾ ഉപജില്ലയിലും സ്കൂളിലും പറളിയുടെ ജൈത്രയാത്ര. ഉപജില്ലയിൽ തുടർച്ചയായി പത്താം തവണയും സ്കൂൾതലത്തിൽ തുടർച്ചയായി നാലാം തവണയുമാണ് പറളി ചാമ്പ്യന്മാരാകുന്നത്. സ്കൂൾ വിഭാഗത്തിൽ 130 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള എച്ച്.എസ് പറളിയുടെയും 109 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള എച്ച്.
എസ്.എസ് മുണ്ടൂരിന്റെയും മികവിൽ 30 സ്വർണവും 33 വെള്ളിയും 27 വെങ്കലവുമായി 312 പോയന്റുമായാണ് പറളി ഉപജില്ല ബഹുദൂരം മുന്നേറിയത്. സ്കൂൾ വിഭാഗത്തിൽ 92 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള വടവന്നൂർ വി.എം.എച്ച്.എസ്.എസിന്റെ മികവിൽ തൊട്ടുപിന്നിലുള്ള കൊല്ലങ്കോട് ഉപജില്ലക്ക് 14 സ്വർണവും 16 വെള്ളിയും 11 വെങ്കലവുമായി 129 പോയന്റാണ് ലഭിച്ചത്. മൂന്ന് ദിവസമായി തുടർന്നുവരുന്ന മേളക്ക് വ്യാഴാഴ്ചയോടെ സമാപനമായി.സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഷാബിറ ഉദ്ഘാടനം ചെയ്തു.
തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. മനോമോഹൻ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ ടി.എം. സലീന ബീവി, ഡയറ്റ് പ്രിൻസിപ്പൽ പി. ശശിധരൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. അനു വിനോദ്, വാഹിദ്, എം.കെ. നൗഷാദലി, അരവിന്ദാക്ഷൻ, പി.പി. വിനയൻ, കെ.ജെ. അമ്പിളി, രമ്യ മനോജ് എന്നിവർ സംസാരിച്ചു. കെ. പ്രസാദ് സ്വാഗതവും എസ്. സുധീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.