സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര ജാഥ വീഴ്​ലിയിലെ ജയകൃഷ്​ണൻ, ചന്ദ്രൻ എന്നിവരുടെ

ബലികുടീരത്തിൽ ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്​ഘാടനം ചെയ്യുന്നു

പാലക്കാട്​ സി.പി.എം. ജില്ല സെക്രട്ടറി ആരാവും; ചർച്ചകൾ സജീവം

പാലക്കാട്: മൂന്ന്​ ടേം പൂർത്തിയാക്കിയ സി.കെ. രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറി സ്ഥാനമൊഴിയുന്നതോടെ പകരം സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവം. ജില്ലയിലെ 15 ഏരിയ കമ്മിറ്റികളിൽ ഒമ്പത് എണ്ണത്തിൽ പി.കെ. ശശി വിഭാഗത്തിനും ആറ് ഏരിയ കമ്മിറ്റികളിൽ മറുപക്ഷത്തിനുമാണ് മേൽക്കൈ.

ചിറ്റൂർ, കൊല്ലങ്കോട്, വടക്കഞ്ചേരി, പാലക്കാട്, ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, അട്ടപ്പാടി, പട്ടാമ്പി, തൃത്താല ഏരിയ കമ്മിറ്റികളിലാണ്​ ശശി പക്ഷത്തിന് ഭൂരിപക്ഷമുള്ളത്. ഒറ്റപ്പാലം, ആലത്തൂർ, കുഴൽമന്ദം, ശ്രീകൃഷ്ണപുരം, പുതുശ്ശേരി, മുണ്ടൂർ ഏരിയ കമ്മിറ്റികളിൽ മറുപക്ഷത്തിനാണ് സ്വാധീനം. വിഭാഗീയത ശക്തമായ പുതുശ്ശേരി, കുഴൽമന്ദം ഏരിയ കമ്മിറ്റികളിൽനിന്ന്​ മാത്രമാണ് ശശി വിരുദ്ധർക്ക്​ പൂർണ പിന്തുണയുള്ളത്. സംസ്ഥാന നേതൃത്വം ശക്തമായി നിർദേശിച്ചാല്‍ എന്‍.എന്‍. കൃഷ്ണദാസിന് നറുക്കുവീഴാം. ആരോപണങ്ങളെത്തുടര്‍ന്ന് രണ്ടാമൂഴത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തിയ പി.കെ. ശശിയെ ജില്ല നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ശശി അനുകൂലികള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍, കെ.ടി.ഡി.സി ചെയര്‍മാര്‍ സ്ഥാനത്ത് എത്തി അധികമാവാത്തതിനാല്‍ ശശിയെ പരിഗണിക്കാനിടയില്ല. ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി.കെ. ചന്ദ്രന്‍, ഇ.എന്‍. സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ചര്‍ച്ചകളിലുള്ളത്. സമവായ സ്ഥാനാർഥിയായി വി. ചെന്താമരാക്ഷനും പരിഗണിക്കപ്പെ​ട്ടേക്കാം.

ജില്ലയിൽ പാർട്ടിയെ നയിച്ചത്​ എട്ട്​ നേതാക്കൾ

പാലക്കാട്​: അവിഭക്ത കമ്യൂണിസ്​റ്റ്​ പാർട്ടി പിളർന്ന്​, സി.പി.എം രൂപവത്​കൃതമായ ശേഷം ജില്ലയി​ൽ പാർട്ടിയെ നയിച്ചത്​ എട്ട്​ നേതാക്കൾ. പിളർപ്പിനുശേഷം 1964ൽ പാലക്കാട്​ ബി.ഒ.സി റോഡിലെ കമ്യൂണിസ്​റ്റ്​ പാർട്ടി ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലാണ്​ അന്നത്തെ ജില്ല സെക്രട്ടറി പി. ശങ്കറിനെ മാറ്റിയത്​. ആലത്തൂർ ആർ. കൃഷ്​ണൻ അധ്യക്ഷത വഹിച്ച ആ യോഗത്തിൽ ​െവച്ച്​ സി.പി.എമ്മി​െൻറ പ്രഥമ ജില്ല സെക്രട്ടറിയായി െപാന്നാനി സ്വദേശി ഇ.കെ. ഇമ്പിച്ചിബാവ തെരഞ്ഞെടുക്കപ്പെട്ടു. അന്ന്​ പൊന്നാനി താലൂക്ക്​ പാലക്കാട്​ ജില്ലയുടെ ഭാഗമാണ്​. 1967ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട്ടുനിന്ന്​ തെര​ഞ്ഞെടുക്കപ്പെട്ട ഇ.കെ. ഇമ്പിച്ചിബാവ, ഇ.എം.എസി​​െൻറ നേതൃത്വത്തിലുള്ള സപ്​തകക്ഷി ​ഐക്യമുന്നണി സർക്കാറിൽ ഗതാഗത മന്ത്രിയായി. പകരക്കാരനായി എം. കുഞ്ഞിരാമൻ മാസ്​റ്റർ ജില്ല സെക്രട്ടറിയായി. 1969ൽ കുഞ്ഞിരാമൻ മാസ്​റ്ററുടെ നിര്യാണത്തെ തുടർന്ന്​ ഷൊർണൂർ സ്വദേശി പി.പി. കൃഷ്​ണൻ ചുമതലയേറ്റു. 1971ൽ നടന്ന ജില്ല സമ്മേളനത്തിൽ പൊന്നാനി എം.പിയും എറണാകുളം സ്വദേശിയുമായ എം.കെ. കൃഷ്​ണൻ ജില്ല സെക്രട്ടറിയായി.

1977ൽ നടന്ന ജില്ല സമ്മേളനത്തിൽ എം.കെ. കൃഷ്​ണൻ സ്ഥാനമൊഴിയുകയും പി.പി. കൃഷ്​ണൻ വീണ്ടും ​സെക്രട്ടറിയാവുകയും ചെയ്​തു. 1980ൽ അനാരോഗ്യത്തെ തുടർന്ന്​ പി.പി. കൃഷ്​ണൻ പദവി ഒഴിയുകയും ടി. ശിവദാസമേനോൻ ജില്ല സെക്രട്ടറി ആവുകയും ചെയ്​തു. 1987ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശിവദാസമേനോൻ മലമ്പുഴയിൽനിന്ന്​ തെരഞ്ഞെടുക്കപ്പെടുകയും നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയാവുകയും ചെയ്​തു. 1987ൽ ശിവദാസമേനോ‍െൻറ പിൻഗാമിയായി എം. ച​ന്ദ്രൻ ജില്ല സെ​ക്രട്ടറിയായി. 1990ലും 1993ലും 1996ലും നടന്ന സമ്മേളനങ്ങളിലും എം. ചന്ദ്രൻ സെക്രട്ടറിയായി തുടർന്നു. 1998ൽ എം. ചന്ദ്രൻ പാർട്ടി സംസ്ഥാന സെക്ര​േട്ടറിയറ്റ്​ മെംബറായി തെരഞ്ഞെടുക്കപ്പെട്ടതോടെ, പി. ഉണ്ണി ജില്ല സെക്രട്ടറിയായി. തുടർന്ന്​ 2001ലും 2005ലും 2008ലും നടന്ന സമ്മേളനങ്ങളിലും പി. ഉണ്ണി തന്നെയാണ്​ സെക്രട്ടറിയായത്​​. 2012ൽ വടക്കഞ്ചേരിയിൽ നടന്ന ജില്ല സമ്മേളനത്തിൽ മുൻ എം.എൽ.എ ആയ സി.കെ. രാജേ​ന്ദ്രൻ ജില്ല സെക്രട്ടറിയായി. 2015ൽ ഒറ്റപ്പാലത്തും 2017ൽ മണ്ണാർക്കാട്ടും നടന്ന സമ്മേളനങ്ങളിലും സി.കെ.ആർ സെ​ക്രട്ടറി സ്ഥാനത്ത്​ തുടർന്നു. മൂന്ന്​​ ടേം പൂർത്തീകരിച്ച സി.കെ. രാജേന്ദ്രൻ പാർട്ടി മാനദണ്ഡം അനുസരിച്ച്​ ഈ സമ്മേളനത്തോടെ സ്ഥാനമൊഴിയും. 1967 മുതൽ 2005 വരെയുള്ള ജില്ല സമ്മേളനങ്ങൾക്കെല്ലാം വേദിയായത്​ പാലക്കാട്​ നഗരമാണ്​. 2008ൽ പട്ടാമ്പിയും 2012ൽ വടക്കഞ്ചേരിയും 2015ൽ ഒറ്റപ്പാലവും 2017ൽ മണ്ണാർക്കാട്ടും ജില്ല സമ്മേളനങ്ങൾ നടന്നു. അവിഭക്ത കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ 1956ലെ നാലാം പാർട്ടി കോൺഗ്രസിന്​ വേദിയായത്​ പാലക്കാട്​ നഗരമാണ്​. 1967ലും 1998ലും സി.പി.എം സംസ്ഥാന സമ്മേളനങ്ങൾക്കും 2013ൽ പാർട്ടി പ്ലീനത്തിനും വേദിയായത്​ പാലക്കാടാണ്​. 

ഇന്ന്​ കോട്ടമൈതാനത്ത്​ സംഗമിക്കും

പാലക്കാട്​: വെള്ളിയാഴ്​ച ആരംഭിക്കുന്ന സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര, ദീപശിഖ ജാഥകൾ പ്രയാണം തുടങ്ങി. പി. മമ്മിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ജാഥ വിളയൂർ രക്തസാക്ഷി സെയ്​തലവിക്കുട്ടിയുടെ ബലികുടീരത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. ഇ.എൻ. സുരേഷ്​ബാബുവി‍െൻറ നേതൃത്വത്തിലുള്ള കൊടിമര ജാഥ വീഴ്​ലിയിലെ ജയകൃഷ്​ണൻ, ചന്ദ്രൻ എന്നിവരുടെ ബലികുടീരത്തിൽ ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. ദീപശിഖ ജാഥകൾ മൂന്ന്​ കേന്ദ്രങ്ങളിൽനിന്ന്​ ആരംഭിച്ചു. കണ്ണ​​മ്പ്രയിൽ കെ.ആർ. വിജയ‍‍െൻറ ബലികുടീരത്തിൽ എ.കെ. ബാലൻ ഉദ്​ഘാടനം ചെയ്​തു. പുതുപ്പരിയാരം കെ.സി. ബാലകൃഷ്​ണ‍െൻറ ബലികുടീരത്തിൽ ദീപശിഖ ജാഥ ആരംഭിച്ച്​, മലമ്പുഴയിലെ രവീന്ദ്രൻ, ​േഗാപാലകൃഷ്​ണൻ എന്നിവരുടെ ബലികുടീരത്തിൽനിന്നുള്ള ദീപശിഖ കൂടി സംഗമിച്ച്​ രണ്ടാ​മത്തെ ദീപശിഖ ജാഥ പ്രയാണം ആരംഭിച്ചു. ടി.കെ. നാരായണ ദാസ്​ ഉദ്​ഘാടനം ​ചെയ്​തു.

അട്ടപ്പള്ളത്തെ ചന്ദ്രൻ, നാരായണൻ എന്നിവരുടെ ബലികുടീരത്തിൽനിന്ന്​ ആരംഭിച്ച മൂന്നാമെത്ത ദീപശിഖ പ്രയാണം എൻ.എൻ. കൃഷ്​ണദാസ്​ ഉദ്​ഘാടനം ചെയ്​തു. പതാക, കൊടിമര ജാഥകൾ വാഹനത്തിലും ദീപശിഖ ജാഥകൾ അത്​ലറ്റുകൾ കൈമാറിയുമാണ്​ നഗരിയിൽ എത്തിക്കുന്നത്​. വ്യാഴാഴ്​ച വൈകീട്ട്​ അഞ്ചിന്​ ദീപശിഖ,​ പതാക, കൊടിമര ജാഥകൾ പൊതുസമ്മേളന നഗരിയായ കോട്ടമൈതാനത്ത്​ സംഗമിക്കും. കൊടിമരം കെ.വി. രാമകൃഷ്​ണനും പതാക പി.കെ. ശശിയും ദീപശിഖകൾ ഗിരിജ സുരേന്ദ്രനും ഏറ്റുവാങ്ങും. സ്വാഗതസംഘം ചെയർമാൻ എൻ.എൻ. കൃഷ്​ണദാസ്​ പതാക ഉയർത്തും. 31ന്​ രാവിലെ എട്ടിന്​ കോട്ടമൈതാനിയിൽനിന്ന്​ ദീപശിഖ പ്രതിനിധി സമ്മേളന നഗരിയിലേക്ക്​ അത്​ലറ്റുകൾ കൈമാറി എത്തിക്കും. സമ്മേളന നഗരിയിൽ ജില്ല സെക്രട്ടറി ദീപശിഖ തെളിക്കും.

Tags:    
News Summary - Palakkad CPM District Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.