പാലക്കാട്: മഴക്കാലത്ത് ഭക്ഷ്യ-ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 94 സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കിയതായി ഭക്ഷ്യസുരക്ഷ വകുപ്പ്. ‘ഓപറേഷന് മണ്‍സൂണ്‍ സ്ക്വാഡി’ന്റെ ഭാഗമായി പ്രത്യേക സ്ക്വാഡുകള്‍ വഴി ഒരു മാസത്തിനുള്ളിൽ ജില്ലയിലെ 676 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതിൽനിന്നാണ് 94 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. നിയമലംഘനങ്ങളും ന്യൂനതകളും കണ്ടെത്താനുള്ള പരിശോധനകൾ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ അറിയിച്ചു. ഷിഗല്ലെ ബാക്ടീരിയകളുടെ വ്യാപനം തടയുന്നതിന് ഭക്ഷ്യസംരംഭങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ജില്ലയിലുടനീളം വിപുലമായ പരിശോധനകളും സാമ്പിള്‍ ശേഖരണവും നടത്തും.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പാചകശാലകള്‍, വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, മറ്റു സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഭക്ഷണ നിര്‍മാണ യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് കുടിവെള്ളത്തിന്റെ സുരക്ഷിതത്വം, ജീവനക്കാരുടെ വ്യക്തിശുചിത്വം, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവ പ്രത്യേകമായി പരിശോധിക്കും. ഹാര്‍ബറുകള്‍, മൽസ്യോൽപന്നങ്ങളുടെ മൊത്ത-ചില്ലറ വിൽപനശാലകള് എന്നിവിടങ്ങളില്‍ പരിശോധന നടത്തി മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. മത്സ്യം സൂക്ഷിക്കാനും കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഐസിന്റെ സാമ്പിളുകളും പരിശോധനക്ക് അയക്കും. പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ നിര്‍മാണ യൂനിറ്റുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഉല്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി സാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയക്കും.
ലബോറട്ടറി പരിശോധനയില്‍ ഷിഗല്ലെ ഉള്‍പ്പെടെയുള്ള രോഗകാരികളായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ സ്ഥാപനങ്ങൾക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന തട്ടുകടകള്‍, ഹോട്ടലുകള്‍, മറ്റ് പ്രധാന ഭക്ഷണശാലകള്‍ എന്നിവ നിരീക്ഷിക്കുന്നതിനായി ഓരോ സര്‍ക്കിള്‍ പരിധിയിലും പ്രത്യേക സായാഹ്ന-രാത്രി സ്ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധന ശക്തമാക്കിയതായും ഭക്ഷ്യസുരക്ഷ വകുപ്പ് വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലോ https://www.eatright.foodsafety.kerala.gov.in ഗ്രീവന്‍സ് പോര്‍ട്ടല്‍ വഴിയോ അറിയിക്കാമെന്നും അസി. കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.