പാലക്കാട്: ഇടവപ്പാതി അവസാനിക്കാറിയിട്ടും ജില്ലയിലെ നെൽകർഷകരുടെ മനസ്സിൽ ആശങ്കയുടെ കാർമേഘമാണ് ഇപ്പോഴും. തോട്, പുഴ, കുളം തുടങ്ങിയ ജലാശയങ്ങളിൽ പാടശേഖരങ്ങളിൽനിന്ന് കുത്തിയൊലിച്ച് കലങ്ങിമറിഞ്ഞ് വരുന്ന വെള്ളപ്പാച്ചിൽ ഇന്ന് പഴമക്കാരുടെ ഓർമകളിൽ മാത്രം അവശേഷിക്കുന്നു. കാലവർഷത്തെ ആശ്രയിച്ചാണ് ഒന്നാം വിള നിലനിൽക്കുന്നത്. വിളയറിക്കിയവരും വിളയിറക്കാത്തവരുമായ കർഷകർ കൃഷിയിൽ സജീവമാകാതെ കടുത്ത ആശങ്കയിലാണ്. മണ്ണാർക്കാട്, അട്ടപ്പാടി ബ്ലോക്കുകൾ ഒഴികെ 11 ബ്ലോക്കുകളിലായി ജില്ലയിൽ ഏകദേശം 30000 ഹെക്ടറിലാണ് ഒന്നാം വിള നെൽകൃഷിയിറക്കുന്നത്. കാലവർഷം സജീവമാകാത്തതിനാൽ ഒരേ പാടശേഖര സമിതികളിൽ പോലും വയലുകളിലെ ജലലഭ്യതക്ക് അനുസരിച്ച് വ്യത്യസ്തമായാണ് കൃഷിയിറക്കുന്നത്.
വയലുകളിൽ വിളയിറക്കാൻ കഴിയാതെ കർഷകർ പലയിടത്തും തരിശിട്ടിരിക്കുകയാണ്. ഞാറ്റടി തയാറാക്കിയ ഇടങ്ങളിൽ വെള്ളമില്ലാത്തതിനാൽ പറച്ചുനടാൻ കഴിയാത്ത സ്ഥിതിയാണ്. കുഴൽമന്ദം, മലമ്പുഴ ബ്ലോക്കുകളിൽ മാത്രമാണ് താരതമ്യേന കൂടുതൽ വിളയിറക്കാൻ കഴിഞ്ഞത്. ശ്രികൃഷ്ണപുരം, ഷൊർണൂർ, തൃത്താല ബ്ലോക്കിൽ കുറഞ്ഞ ഹെക്ടറിൽ മാത്രമാണ് വിളയിറക്കിയിട്ടുള്ളത്. വിളയിറക്കിയ കർഷകരും ആകെ ആശങ്കയിലാണ്.
പാടശേഖരങ്ങളിൽ ഉയർന്ന കളശല്യമാണുള്ളത്. വെള്ളം കെട്ടിനിർത്തി കള നശിപ്പിക്കാൻ കഴിയുന്നില്ല. വിളക്കൊപ്പം കളയും വളരുന്ന സ്ഥതിയാണ്. ഇവ പറച്ചുമാറ്റാൻ ശ്രമിച്ചാൽ പാതിക്ക് മുറിഞ്ഞ് വരികയാണ്. പാടശേഖരങ്ങളിൽ വെള്ളമില്ലാത്തതിനാലാണ് വേരോടെ പിഴുതുമാറ്റാൽ സാധിക്കാത്തത്.. യഥാസമയത്ത് വളപ്രയോഗത്തിനും കഴിയുന്നില്ല. പാടശേഖരങ്ങളിൽ വെള്ളത്തിന്റെ ലഭ്യതക്കനുസരിച്ച് വിളയിറക്കുന്നതിനാൽ വിളവടുപ്പിനെയും സാരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.