പാലക്കാട്: ഓൺലൈൻ പാർട്ട്ടൈം ജോലി വാഗ്ദാനംചെയ്ത് ഒറ്റപ്പാലം സ്വദേശിയിൽനിന്ന് 73.27 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പെരുവള്ളൂർ സ്വദേശി പി.സി. സുധീഷ് ബാബുവാണ് (40) പിടിയിലായത്. 2024 ഡിസംബറിലാണ് തട്ടിപ്പുകാർ വാട്സ്ആപ്, ടെലിഗ്രാം വഴികളിലൂടെ പരാതിക്കാരനെ ബന്ധപ്പെട്ടത്.
വീട്ടിലിരുന്ന് ഓൺലൈനായി പാർട്ട്ടൈം ജോലി ചെയ്ത് വലിയ വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച് ട്രേഡിങ് വഴി വലിയ ലാഭം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചു. തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ചപ്പോൾ ഇരക്ക് ലാഭം നൽകി വിശ്വാസം നേടിയശേഷം, വൻ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ആ തുക പൂർണമായി തട്ടിയെടുക്കുകയുമായിരുന്നു.
പാലക്കാട് സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ, നഷ്ടപ്പെട്ട തുകയിൽ വലിയ സംഖ്യ പ്രതിയുടെ പരപ്പനങ്ങാടിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി.
ഈ തുക പ്രതി ചെക്ക് വഴി പിൻവലിച്ചശേഷം ബാക്കി തുക മറ്റ് ബാങ്കുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു. പ്രതിയുടെ പേരിൽ വധശ്രമക്കേസുകളും അടിപിടിക്കേസുകളും ഉൾപ്പെടെ 14 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ശശികുമാർ. ടി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോഷി എ.പി, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാംപ്രവീൺ കെ, ഉല്ലാസ് വി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.