ഭർത്താവ് മഹേഷ്, മക്കളായ അവ്യക്ത്, ആരാധ്യ എന്നിവരോടൊപ്പം രമ്യ (ഫയൽ ചിത്രം)
മുണ്ടൂർ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിലും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടത് വിശ്വസിക്കാനാവാത്ത മാനസികാവസ്ഥയിലാണ് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ ഭർത്താവ് മഹേഷും മകൾ ആരാധ്യയും നഷ്ടപ്പെട്ട രമ്യയും മകൻ അവ്യക്തും. വയനാട് ചൂരൽമല സ്കൂൾ ലെയ്നിലെ തറവാട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഒരേ കുടുംബത്തിലെ നാലുപേരെയാണ് ഉരുൾ ദുരന്തം കവർന്നത്. ഭർത്താവിന്റെ മാതാപിതാക്കളായ വാസുവും ഓമനയും നഷ്ടപ്പെട്ടവരിൽ ഉൾപ്പെടും.
ഉരുൾപൊട്ടലിൽ വീടും ഇല്ലാതായി. മഹേഷും മകൾക്കും ഒപ്പം അന്തിയുറങ്ങിയ രമ്യ ഉരുൾ ദുരന്തത്തിന്റെ ശബ്ദം പോലും കേൾക്കാത്ത നിദ്രയിലായിരുന്നു. അവ്യക്ത് മറ്റൊരു മുറിയിൽ മഹേഷിന്റെ മാതാപിതാക്കളോടൊപ്പമാണ് ഉറങ്ങിയിരുന്നത്. മണ്ണിനടിയിലായിരുന്ന അവ്യക്തിനെയും രമ്യയെയും രക്ഷാപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്.
മാസങ്ങളോളം നീണ്ട ചികിത്സക്കുശേഷം കഴിഞ്ഞ ഏപ്രിലാണ് പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ രമ്യയുടെ മാതാപിതാക്കളായ രാമചന്ദ്രന്റെയും പ്രേമയുടെ കൂടെ ഇവരുടെ വീട്ടിൽ താമസം തുടങ്ങിയത്. ഏട്ടനും മോളും വിട്ടുപോയതായി ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് രമ്യ ‘മാധ്യമ’ത്തോട് പറഞ്ഞു.
ചൂരൽമല ദുരന്തം ഉറ്റവരെ വേർപ്പെടുത്തുന്നതുവരെ ചൂരൽമല സ്കൂൾ ലെയ്നിലെ തറവാട്ടിൽ ആരാധ്യയുടെയും സഹോദരൻ അവ്യക്തിന്റെയും കളിയും ചിരിയും നിറഞ്ഞ് നിന്ന അന്തരീക്ഷമായിരുന്നു. അവർ ഇരുവരും ഉറ്റ ചങ്ങാതിമാരായിരുന്നു. പഠനവും ഊണും ഉറക്കവും ഒന്നിച്ചായിരുന്നു. അവ്യക്തിനും രമ്യക്കും ആരാധ്യയില്ലാത്ത നഷ്ടം ഓരോ ചലനത്തിലും നിഴലിച്ചുനിൽക്കുന്നതായി രമ്യ പറയുമ്പോൾ അവരുടെ കണ്ഠമിടറി. ഉറ്റവരും ഉടയവരും നഷ്ടമായ കറുത്ത ദിനത്തിന് ഒരാണ്ട് തികയുമ്പോൾ ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് മുണ്ടൂർ കയറംകോടം ചവിട്ട് പറമ്പിൽ രമ്യ.
മുണ്ടൂരിൽ വീട് വെച്ച് നൽകാൻ പീപ്പിൾസ് ഫൗണ്ടേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്വന്തമായി ജോലിയും വരുമാന മാർഗമില്ലാത്തതുമാണ് രമ്യയെ അലട്ടുന്ന പ്രധാന പ്രശ്നം. ഇതിനുള്ള പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും ജോലി ലഭിക്കാത്ത വിഷമവും രമ്യ പ്രകടിപ്പിച്ചു. നിലവിൽ അവ്യക്ത് മുണ്ടൂർ ഹൈസ്കൂളിലെ അഞ്ചാം തരം വിദ്യാർഥിയാണ്. സർക്കാറിൽനിന്ന് പ്രതിമാസം 9000 രൂപ ലഭിക്കുന്നുണ്ടെന്നും ഗവ. നൽകിയ എട്ടുലക്ഷം രൂപ ഉപയോഗിച്ച് നാല് സെൻറ് ഭൂമി വാങ്ങിയതായും രമ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.