പാലക്കാട്: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. ചരിത്രത്തിലാദ്യമായി കിലോക്ക് വില 400 രൂപക്കും മുകളിൽ എത്തിയതോടെ ഹോട്ടലുകളും കാറ്ററിങ് സ്ഥാപനങ്ങളും ചെറുകിട പലഹാരക്കടകളും പ്രതിസന്ധിയിലായി. ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് കച്ചവടക്കാർ പറയുന്നു. വെളിച്ചെണ്ണ വില മൊത്ത വിപണിയിൽതന്നെ ലിറ്ററിന് 400 കടന്നു. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു.
മാർച്ചിലാണ് വില കുതിച്ചുയരാൻ തുടങ്ങിയത്. ഏപ്രിലിൽ ലിറ്ററിന് 300 കടന്നു. ഓണം അടുക്കുമ്പോൾ 500 ആകുമെന്നാണ് ആശങ്ക. ഇതിനിടെ വെളിച്ചെണ്ണയുടെ വ്യാജനും വിലസുന്നുണ്ട്. തേങ്ങക്കും തീവിലയാണ്. ബുധനാഴ്ച മാർക്കറ്റിൽ വെളിച്ചെണ്ണ 15 കിലോക്ക് 6200 രൂപ വിലയുള്ളപ്പോൾ വെളിച്ചെണ്ണയേക്കാൾ വിലയുണ്ടായിരുന്ന നല്ലെണ്ണക്കും കടലെണ്ണക്കുമൊക്കെ 3000വും 3100രൂപയുമേ ഇപ്പോഴും വിലയുള്ളൂ. എണ്ണയിൽ വറുത്തെടുക്കുന്ന ചിപ്സ് ഐറ്റങ്ങൾക്ക് കിലോക്ക് 80 രൂപ വരെ കൂട്ടിക്കഴിഞ്ഞു.
തേങ്ങക്കും തീവിലയായതോടെ തേങ്ങാച്ചമ്മന്തി പോലുള്ളവയും പല കടകളിൽ നിന്നും അപ്രത്യക്ഷമായി. തേങ്ങയുൽപ്പാദനത്തിൽ വന്ന ഇടിവാണ് വില വർധന രൂക്ഷമാകാൻ ഇടയാക്കിയത്. തേങ്ങ കിലോക്ക് 70-72 രൂപയാണ് ചൊവ്വാഴ്ചത്തെ വിപണിവില. കേരളത്തിൽ തേങ്ങയുടെ ഉൽപാദനക്ഷമത കഴിഞ്ഞ വേനലിൽ പാതിയോളമായി കുറഞ്ഞിരുന്നു. 2021-‘22ൽ ഹെക്ടറിന് 7412 തേങ്ങയായിരുന്നു ശരാശരി ഉൽപാദനം. 2022-‘23ൽ 7215 തേങ്ങയായും 2023-‘24ൽ 7211 ആയും ഇടിഞ്ഞു. തമിഴ്നാട്ടിൽനിന്നുള്ള തേങ്ങ വരവിലും വൻ ഇടിവുണ്ട്.
കേരളത്തിൽനിന്ന് തേങ്ങ സംഭരിച്ച് തമിഴ്നാട്ടിലെത്തിച്ച് കൊപ്രയാക്കി തിരികെയെത്തിക്കുന്ന സംരംഭകരും പ്രതിസന്ധിയിലാണ്. കൂലിച്ചെലവ് കുറവായതിനാലും ഗുണമേന്മയുള്ള കൊപ്ര ലഭിക്കുന്നതിനാലും കേരളത്തിൽനിന്ന് വൻതോതിൽ തേങ്ങ ഇത്തരത്തിൽ തമിഴ്നാട്ടിൽ എത്തിയിരുന്നു. ഉൽപാദനം ഇടിഞ്ഞതോടെ ഇത് പൂർണമായും നിലച്ചു. തേങ്ങയുടെ ക്ഷാമം ചിരട്ടയുടെ ലഭ്യതയെയും ബാധിച്ചിട്ടുണ്ട്. 32 രൂപക്കാണ് നിലവിൽ ചിരട്ട സംഭരിക്കുന്നത്.
വെളിച്ചെണ്ണ വില വർധിച്ചതോടെ മായം കലർന്ന വെളിച്ചെണ്ണയുടെ വരവും കൂടി. ഇതിനെതിരെ പരിശോധന കർശനമാക്കാൻ ഭക്ഷ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൊപ്രക്ഷാമവും വിലവർധനയും കാരണം നൂറുകണക്കിന് ചെറുകിട സ്വകാര്യ മില്ലുകൾ അടച്ചു. വെളിച്ചെണ്ണ വിൽപന മൂന്നിലൊന്നായി കുറഞ്ഞതായി മില്ലുടമകൾ പറയുന്നു. ഹോട്ടലുകളും ബേക്കറികളും ഗാർഹിക ഉപഭോക്താക്കളുമെല്ലാം പാമോലിൻ ഉൾപ്പെടെ സസ്യയെണ്ണകൾ പാചകാവശ്യത്തിന് കൂടുതലായി ആശ്രയിച്ചുതുടങ്ങി.
.............................................................................................
കർഷകർ തെങ്ങ് കൃഷിയിലേക്ക് തിരിച്ചു വരികയാണ്. രണ്ട് വർഷം മുമ്പുവരെ കൃഷിഭവനിലൂടെ വിതരണം നടത്തിയിരുന്ന തെങ്ങ് തൈകൾ വിറ്റു പോകാൻ വിഷമിച്ചിരുന്ന സ്ഥലത്ത് ഇത്തവണ രണ്ടു ദിവസംകൊണ്ടുതന്നെ തൈകളെല്ലാം വിറ്റുപോയി. ഇപ്പോഴും കർഷകർ തെങ്ങ് തൈക്കായി കൃഷി ഓഫിസിൽ എത്തുന്നുണ്ട്. ഫാമിൽ 100 രൂപ വിലവരുന്ന തൈകൾ സബ്സിഡി കഴിച്ച് 50 രൂപക്കായിരുന്നു വിൽപന. വാർഡിന് 15 തൈകൾ വീതമാണ് ഇത്തവണ ലഭിച്ചത്. തെങ്ങിന് ബാധിക്കാവുന്ന കാലാവസ്ഥ വ്യതിയാനമൊന്നും ഇപ്പോൾ ഇല്ല. നാളികേരത്തിന് ഇപ്പോൾ പൊതു വിപണിയിൽ മികച്ച വിലകിട്ടുന്നത് കർഷകർക്ക് ആശ്വാസമാണ്.
വെളിച്ചെണ്ണ വില വർധന ബേക്കറിമേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓണത്തിന്റെ പ്രധാന വിഭവമായ കായവറുത്തതിന് ഇപ്പോൾതന്നെ ഇരട്ടിയിലധികം വില വർധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. വെളിച്ചെണ്ണ വിലവർധനയിൽ ബേക്കറി ഉൽപന്നങ്ങളുടെയും വില വർധിപ്പിക്കേണ്ടതായി വന്നതിനാൽ വ്യാപാരമേഖല മാന്ദ്യത്തിലാണ്.ചെറുകിട ബേക്കറി ഉടമകൾക്ക് പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. കുടിൽ വ്യവസായമായി ബേക്കറി ഉൽപന്നങ്ങൾ ഉണ്ടാക്കുന്നവരും വില വർധിപ്പിക്കാനാവാതെ പ്രതിസന്ധിയിലാണ്. വെളിച്ചെണ്ണ വില ഇനിയും വർധിച്ചാൽ ബേക്കറി മേഖല പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലായിത്തീരും.
വെളിച്ചെണ്ണ, തേങ്ങ വില വർധനയിൽ സർക്കാർ അടിയന്തരമായി ഇടപെടണം. വില ഓണക്കാലത്ത് ഇനിയും കൂടാനും സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടാകാനുമാണ് സാധ്യത. വില വർധനവ് തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണം. വെളിച്ചെണ്ണക്കും തേങ്ങക്കും സബ്സിഡി നൽകുകയും സംഭരണ സംവിധാനങ്ങൾ ശക്തമാക്കുകയും വേണം. വില ഇനിയും ഉയർന്നാൽ വ്യാജ വെളിച്ചെണ്ണകൾ വ്യാപകമാകും. വില കുറഞ്ഞതും, കൃത്രിമം നിറഞ്ഞതുമായ എണ്ണകളിലേക്ക് പൊതുജനം മാറുമെന്ന സാഹചര്യവും മുന്നിലുണ്ട്.
ആവശ്യത്തിനുള്ള കൊപ്ര ലഭിക്കാത്തത് മില്ലുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒരുടൺ കൊപ്ര ഓർഡർ നൽകിയാലും പകുതിയേ ലഭിക്കുന്നുള്ളൂ. എണ്ണവില വർധന കാരണം കൊപ്ര പൂഴ്ത്തിവെപ്പ് നടക്കുന്നുണ്ടോ എന്നും സംശയമുണ്ട്. ഒരുകിലോ വെളിച്ചെണ്ണ ഉൽപാദിപ്പിക്കാൻ ഒന്നരക്കിലോ നല്ല കൊപ്ര വേണം. ഒരുകിലോ കൊപ്രക്ക് 280 രൂപയിലധികം വില നൽകണം. ഇപ്പോൾ മൂപ്പെത്താത്ത നിലവാരം കുറഞ്ഞ കൊപ്രയാണ് മാർക്കറ്റിൽ വരുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കൊപ്ര വരവും നിലച്ചിരിക്കുകയാണ്. കടുത്ത പ്രതിസന്ധിയിലേക്കാണ് മില്ലുടമകളും പോകുന്നത്.
കഴിഞ്ഞ വർഷത്തെ ശക്തമായ വേനലിൽ കൃത്യമായ പരിചരണം ലഭിക്കാത്തതിനാൽ നാളികേരം ഉൽപാദനം പിറകോട്ടുപോയി എന്നതാണ് യാഥാർഥ്യം. കാലാകാലങ്ങളിൽ ലഭിക്കേണ്ട വെള്ളവും വളവും കൃത്യമായി പ്രയോഗിക്കണം. കർഷകനെ സംബന്ധിച്ച് നല്ല സമയമാണ് ഇപ്പോൾ. നാളികേര വെള്ളം മുതൽ ചിരട്ടവരെ നല്ല വില ലഭിക്കുന്ന സമയമാണിപ്പോൾ. നാളികേരവെള്ളം പ്രൊസസിങ് ചെയ്ത് വിനാഗിരി ഉണ്ടാക്കാം. കിലോക്ക് 25 രൂപയിലധികം ചിരട്ടക്കും ലഭിക്കും. ദീർഘകാല വിളയായതിനാൽ കരകയറാൻ ഇനിയും സമയമെടുക്കും.
നാളികേരത്തിന്റെ വിലവർധന കുടുംബ ബജറ്റിനെയും താളംതെറ്റിച്ചു. നാളികേരത്തെ മാത്രമല്ല, വെളിച്ചെണ്ണയുടെ വില വർധനവും ജീവിതചെലവേറ്റി. സാധനങ്ങളുടെ വിലവർധനവുകൂടി ആവുന്നതോടെ മാസാന്ത കുടുംബ ബജറ്റിനെ ആകെ ബാധിച്ചിരിക്കുകയാണ്. മലയാളിക്ക് നാളികേരവും വെളിച്ചെണ്ണയും ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.