അകത്തേത്തറ: ധോണിയിൽ പി.ടി ഏഴ് കാട്ടുകൊമ്പനെ മെരുക്കാൻ ആനക്കൂട് നിർമാണം തുടങ്ങി. പ്രത്യേകം ഒരുക്കിയ സ്ഥലത്ത് തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്.ക്രെയിൻ ഉപയോഗിച്ച് തടികൾ ഉയർത്തി താഴ്ന്ന സ്ഥലത്ത് വിതാനിച്ച് മരത്തടികളോട് ചേർന്ന് തൂണുകൾ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. കൂട് ഒരുക്കി സജ്ജമായ ശേഷമാണ് ദൗത്യം തുടങ്ങുക. പി.ടി ഏഴെന്ന കാട്ടാനയെ പിന്തുടർന്ന് പിടികൂടാൻ വയനാട്ടിൽനിന്ന് കഴിഞ്ഞദിവസമാണ് ദൗത്യസംഘമെത്തിയത്.
എട്ട് ആന പാപ്പാന്മാരും 26 അംഗങ്ങളും ദൗത്യസംഘത്തിലുണ്ട്. പരാക്രമിയായ കാട്ടാനയെ മെരുക്കുന്നതിന് ഒരുക്കുന്ന കൂടിന് കൂടുതൽ ബലമുള്ള മരങ്ങളാണ് എത്തിച്ചത്. പരമാവധി 150 സെന്‍റീ മീറ്റർ ചുറ്റളവുള്ള മരങ്ങളാണ് തൂണുകൾക്ക് ഉപയോഗിക്കുക.വയനാട് മുത്തങ്ങയിൽ കൂട് നിർമിച്ചത് നാലുലക്ഷം രൂപ ചെലവഴിച്ചാണ്. ധോണിയിൽ ഇതിനാവശ‍്യമായ യൂക്കാലിപ്സ് മരങ്ങൾ കിട്ടാനില്ല. മുണ്ടൂർ, നെന്മാറ എന്നിവിടങ്ങളിൽനിന്നാണ് മരം കൊണ്ടുവന്നിട്ടുള്ളത്.
ധോണിയിൽ ആദ്യമായാണ് കാട്ടാനയെ മെരുക്കാൻ കൂടൊരുങ്ങുന്നത്. വയനാട്ടിൽനിന്നെത്തിയ ദൗത്യസംഘവും ഒലവക്കോട്ടുനിന്നെത്തിയ ദ്രുത പ്രതികരണ സേനയും ശനിയാഴ്ചയും പി.ടി ഏഴിനെ പിടികൂടാൻ ആന സഞ്ചരിക്കുന്ന വഴികളിൽ പരിശോധന നടത്തി.വിക്രം, ഭരത് എന്നീ കുങ്കിയാനകളും ദൗത്യസംഘത്തിന്‍റെ മുൻനിരയിലുണ്ടായിരുന്നു. ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ, അസി. വനം കൺസർവേറ്റർ ബി. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.