ആലത്തൂർ: കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി പരിഗണിച്ചിരുന്ന കോട്ടമലയെ ഇപ്പോൾ പൂർണമായും അവഗണിച്ചെന്ന് ആക്ഷേപം. കാറ്റിൽനിന്ന് വൈദ്യുതി എന്ന ആശയം ഉടലെടുത്തപ്പോൾ പരീക്ഷണമെന്ന നിലയിൽ സംസ്ഥാനത്ത് ആദ്യമായി കാറ്റാടിയന്ത്രം സ്ഥാപിച്ചിരുന്നത് കോട്ടമലയിലായിരുന്നു. എന്നാൽ ഇതിന് ആവശ്യമായ നടപടികളുമായി പിന്നീട് മുന്നോട്ട് പോയില്ല.
വാളയാർ ചുരം വഴിയെത്തുന്ന പാലക്കാടൻ കാറ്റ് ആഞ്ഞ് വീശുന്ന കുന്നിൻ മുകളാണ് കോട്ടമല. ആലത്തൂർ താലൂക്കിലെ തേങ്കുറുശ്ശി പഞ്ചായത്തിലാണ് കോട്ടമലക്കുന്ന് സ്ഥിതി ചെയ്യുന്നത്. പാലക്കാട് - തൃശൂർ ദേശീയപാതയിൽ ചിതലി പാലത്തിനും വെള്ളപ്പാറക്കുമിടയിൽനിന്ന് കിഴക്ക് ഭാഗത്തായി ദൂരെ കോട്ടമലയിൽ സ്ഥാപിച്ച ആദ്യ കാറ്റാടിയുടെ അവശിഷ്ടടം ഇപ്പോഴും അവിടെ കാണാം.
കെ.എസ്.ഇ.ബി തയ്യാറാക്കിയ 86.01 ലക്ഷത്തിന്റെ രൂപരേഖക്കാണ് അന്ന് ഭരണാനുമതി ലഭിച്ചത്. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാനായിരുന്നു നിർദേശം. അതും തയ്യാറാക്കി സമർപ്പിച്ചെങ്കിലും കാര്യങ്ങൾ എവിടെയുമെത്തിയിട്ടില്ല. വൈദ്യുതി ഉൽപാദനം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കോട്ടമലയെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി വീണ്ടും പരിഗണനയിൽ വന്നത്. 100 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന പുതിയ കാറ്റാടിയും ജനറേറ്ററും സ്ഥാപിക്കലായിരുന്നു ലക്ഷ്യം.
ആദ്യം ഏറ്റെടുത്ത തേങ്കുറുശ്ശി-ണ്ട് വില്ലേജിലെ 0.0920 ഹെക്ടർ സ്ഥലവും വനം വകുപ്പിൽനിന്ന് പാട്ടത്തിനെടുത്ത പെരുങ്കുന്നത്തെ 0.255 ഹെക്ടർ സ്ഥലവും ഇതിനായി ഉപയോഗപ്പെടുത്താനുമാണ് തീരുമാനം. ഈ സ്ഥലങ്ങളെല്ലാം ഇപ്പോഴും വൈദ്യുതി വിഭാഗത്തിന്റെ കൈവശമാണ്.
കോട്ടമലയിൽ പരീക്ഷണ പദ്ധതി സ്ഥാപിച്ചത് 1988ലാണ്. 1989 മാർച്ച് 11ന് അന്നത്തെ മുഖ്യമന്ത്രി ഇകെ.നായനാരാണ് ഉദ്ഘാടനം നിർവഹിച്ചത്. കാറ്റിന്റെ ഗതിയനുസരിച്ച് തിരിയത്തക്ക വിധത്തിൽ 80 അടി ഉയരത്തിൽ ഘടിപ്പിച്ച മൂന്ന് പ്രൊപ്പല്ലറുകൾ കറങ്ങുമ്പോൾ 95ഉം 19ഉം കിലോവാട്ട് ഉൽപാദന ശേഷിയുള്ള രണ്ട് ജനറേറ്ററുകളിൽനിന്ന് വൈദ്യുതി ലഭിക്കുന്ന സംവിധാനമാണ് സ്ഥാപിച്ചിരുന്നത്.
കാറ്റാടിയിൽനിന്ന് മിനുട്ടിൽ ഒരു യൂനിറ്റ് വൈദ്യുതിയെന്ന നിലയിൽ ദിവസം 1440 യൂനിറ്റ് ഉൽപാദനമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പരീക്ഷണമായതുകൊണ്ട് കാര്യമായ പ്രയോജനമില്ലാതെ തുടക്കത്തിൽ തന്നെ പദ്ധതി കോട്ടമലയിൽ പരാജയപ്പെട്ടു.
എങ്കിലും കാറ്റിൽനിന്ന് വൈദ്യുതിയെന്ന പരീക്ഷണം വിജയം കണ്ടു. അങ്ങനെയാണ് ഇന്ന് കേരളത്തിലും പുറത്തും വലിയ തോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന വിധം കാറ്റാടികൾ സ്ഥാപിതമായത്. ഡന്മാർക്കിലെ ബോണസ് കമ്പനി നിർമിച്ചതാണ് കോട്ടമലയിൽ സ്ഥാപിച്ച ആദ്യത്തെ കാറ്റാടി യന്ത്രം.
പരീക്ഷണത്തിലെ ആദ്യത്തെ പദ്ധതിയായതു കൊണ്ട് നിസാര തകരാറുകൾക്കു പോലും പൂനയിലെ കമ്പനിയിൽനിന്ന് വിദഗ്ധർ എത്തിയാണ് കാറ്റാടി പ്രവർത്തിപ്പിച്ചിരുന്നത്. യന്ത്ര ഭാഗങ്ങൾ വൈദ്യുതി വിഭാഗം ഇവിടെ സ്റ്റോക്ക് ചെയ്യാത്തതിനാൽ ഇടക്കിടെയുണ്ടാകുന്ന തകരാറുകൾ കാരണം പദ്ധതി മുന്നോട്ട് പോകുന്നതിന് തടസ്സം നേരിട്ടു. അതിന് ശേഷം മറ്റ് എല്ലായിടത്തും കാറ്റാടി പാടങ്ങൾ വരെ സ്ഥാപിച്ച് വിജയകരമായി പ്രവർത്തിച്ചു വരുമ്പോഴും പരീക്ഷണ കാറ്റാടി സ്ഥാപിച്ച കോട്ടമലയെ പരിഗണിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.