മണ്ണാര്‍ക്കാട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണ പദാർഥങ്ങള്‍ പിടിച്ചെടുത്തു.
നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയുള്ള 15ല്‍പരം ഭക്ഷണ വില്‍പനശാലകളിലാണ് പരിശോധന നടന്നത്. ഇതില്‍ ഹോട്ടല്‍ ബിസ്മില്ല, നന്മ ഹോട്ടല്‍, ആരിഫിന്റെ തട്ടുകട, മണ്ണാര്‍ക്കാട് തട്ടുകട, ഗീത കാന്റീന്‍, ഹരിത ഹോട്ടല്‍, ഹോട്ടല്‍ ഹോട്ട് പോയന്റ് തുടങ്ങിയവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ പദാർഥങ്ങള്‍ പിടിച്ചെടുത്തതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായി കാണപ്പെട്ടതിന് ന്യൂനത നോട്ടീസുകള്‍ നല്‍കിയതോടൊപ്പം പിഴയും ഈടാക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഒമ്പത് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് -1) ബാബു ലൂയിസ്, അബൂബക്കര്‍, ജെ.എച്ച്.ഐമാരായ സജേഷ് മോന്‍, സിദ്ദീഖ്, ഫെമില്‍ കെ. വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
പാലക്കാട്: ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ 8943346189 എന്ന നമ്പറില്‍ അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഹൈജീന്‍ റേറ്റിങ് ഉള്ള ഹോട്ടലുകളില്‍നിന്ന് പരമാവധി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഹോട്ടലുകളില്‍നിന്ന് കൃത്രിമ നിറം ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. മയോണൈസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുറക്കണമെന്നും അറിയിച്ചു.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതികളില്‍ ഉപഭോക്തൃ കോടതി മുഖേന മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ജില്ലയില്‍ ഹോട്ടലുകള്‍, ബേക്കറികള്‍ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മൂന്ന് സ്ക്വാഡുകളായി പരിശോധന തുടരുമെന്നും കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.