പാലക്കാട്: മലമ്പുഴയിലെ ശാസ്ത്രീയ മാലിന്യ സംസ്കരണ പദ്ധതി (സയന്റിഫിക് ലാൻഡ് ഫിൽ) രേഖ ഒടുവിൽ പുറത്തുവിട്ട് ജില്ല ഭരണകൂടം. പദ്ധതി നിർവഹണ ചുമതലയുള്ള കെ.എസ്.ഡബ്ല്യു.എം.പി അധികൃതരാണ് മാധ്യമങ്ങൾക്ക് മുമ്പിൽ പദ്ധതിരേഖ അവതരിപ്പിച്ചത്. നേരത്തേ പദ്ധതി സംബന്ധിച്ച വിശദാംശം പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രാദേശിക പ്രതിഷേധങ്ങൾ നടന്നിരുന്നെങ്കിലും തദ്ദേശവകുപ്പ് അധികൃതർ വിശദീകരിക്കുമെന്നായിരുന്നു ജില്ല ഭരണകൂടത്തിന്റെ നിലപാട്.
പദ്ധതി സംബന്ധിച്ച് ജലസേചന വകുപ്പിലും പഞ്ചായത്ത് അധികൃതർക്കും പ്രദേശവാസികളുടെ നേതൃത്വത്തിലെ സമരസമിതി പ്രവർത്തകർ വിവരാവകാശ അപേക്ഷ സമർപ്പിച്ചെങ്കിലും പദ്ധതിയെപ്പറ്റി അറിവില്ലെന്ന് അവർ മറുപടി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസവും പ്രതിഷേധം നടന്നിരുന്നു.
സാനിറ്ററി ലാൻഡ്ഫിൽ പദ്ധതി എന്നാൽ
പാലക്കാട്: ഖരമാലിന്യങ്ങൾ സുരക്ഷിതമായി പരിസ്ഥിതിയിൽനിന്ന് വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണ് ലാൻഡ് ഫിൽ. മാലിന്യങ്ങൾ സുരക്ഷിതമായി സംഭരിച്ച് കൈകാര്യം ചെയ്യുന്നതിലൂടെ വായു, മണ്ണ്, ഭൂഗർഭജല മലിനീകരണം തടയുക എന്നതാണ് ലക്ഷ്യം. മാലിന്യങ്ങൾ അനിയന്ത്രിതമായി കുന്നുകൂടുന്ന തുറന്ന മാലിന്യക്കൂനകളിൽനിന്ന് വ്യത്യസ്തമായി, സാനിറ്ററി ലാൻഡ്ഫില്ലുകൾ ഖരമാലിന്യത്തിൽ നിന്ന് ഊറി വരുന്ന ദ്രവം (ലീച്ചേറ്റ് ) നിയന്ത്രിക്കാനും, വാതകങ്ങൾ പുറത്തേക്ക് പോകുന്നത് തടയാനും, ദീർഘകാല മണ്ണ്, ജല മലിനീകരണം ഒഴിവാക്കാനും ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.
ഖരമാലിന്യങ്ങളിൽനിന്ന് വരുന്ന ലീച്ചേറ്റ് പൈപ്പ് വഴി ശേഖരിച്ച് ട്രീറ്റ്മെന്റ് പ്ലാന്റ് വഴി രാസപ്രവർത്തനത്തിലൂടെ പുനഃചംക്രമണത്തിന് വിധേയമാക്കുന്നു. ഖരമാലിന്യത്തിനും സ്ഥലത്തെ മണ്ണിനും വെള്ളത്തിനും ഇടയിൽ മൂന്ന് അടുക്കുകളുള്ള കളിമൺ പാളികളിലൂടെ വേർതിരിക്കുന്നു. മുകൾഭാഗത്ത് വായുസഞ്ചാരം പോലും ഇല്ലാത്ത രീതിയിൽ കറുത്ത ഷീറ്റ് ഇട്ട് വേർതിരിക്കുന്നു. മണ്ണും വെള്ളവുമായി ബന്ധമില്ലാത്ത രീതിയിലുള്ള ശാസ്ത്രീയരീതിയും അകത്ത് അൽപാൽപമായി ഉണ്ടാകുന്ന വാതക സാന്നിധ്യം പ്രത്യേക പൈപ്പ് വഴി രാസപ്രക്രിയക്ക് വിധേയമായി പുറത്തുവിടുന്നതും പരിസ്ഥിതിയെ ബാധിക്കില്ലെന്ന് അധികൃതർ ഉറപ്പിച്ച് പറയുന്നു.
ലോകബാങ്ക് പദ്ധതി സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ
പാലക്കാട്: ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും സഹായത്തോടെയുള്ള ശാസ്ത്രീയ മാലിന്യ സംസ്കരണ പദ്ധതി ( സയന്റിഫിക് ലാൻഡ് ഫിൽ) പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തെ അഞ്ചിടങ്ങളിൽ. കണ്ണൂർ, എറണാകുളം, കൊല്ലം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ നഗരമാലിന്യ സംസ്കരണത്തിന് അവ ശാസ്ത്രീയമായി കുഴിച്ചുമൂടുന്ന പദ്ധതിയാണ് തദ്ദേശവകുപ്പിന് കീഴിലെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് ( കെ.എസ്.ഡബ്ല്യു.എം.പി) വിഭാവനം ചെയ്യുന്നത്. ലാൻഡ് ഫിൽ ഉൾപ്പെടെ മാലിന്യ സംസ്കരണത്തിനായി 2200 കോടിയുടെ ധനസഹായമാണ് ലോക ബാങ്കും, ഏഷ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കും തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നത്.
പദ്ധതി വിശദ പഠനങ്ങൾക്ക് ശേഷം
പാലക്കാട്: പ്രാഥമിക ഭൂപ്രദേശ സർവേക്ക് ശേഷം പരിസ്ഥിതി-സാമൂഹിക ആഘാത പഠനങ്ങൾ നടത്തി വിലയിരുത്തിയ ശേഷം പദ്ധതി തുടങ്ങാൻ രണ്ട് വർഷമെങ്കിലും പിടിക്കുമെന്ന് കെ.എസ്.ഡബ്ല്യു.എം.പി അധികൃതർ പറഞ്ഞു. ലോകബാങ്കിന്റെ കർശന നിർദേശവും വിശദ പദ്ധതി മാർഗരേഖയുടെയും അടിസ്ഥാനത്തിലേ പദ്ധതി തുടങ്ങാനാകൂ.
മണ്ണ് പരിശോധന മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ജലസാന്നിധ്യവും വനസാന്നിധ്യവും ഉൾപ്പെടെ പഠനങ്ങൾക്ക് വിധേയമാക്കും. അതിന് ശേഷമേ പദ്ധതി അംഗീകാരത്തിന് സമർപ്പിക്കാനാകൂ. 25 കൊല്ലമാണ് പദ്ധതി കാലാവധി. അതിന് ശേഷം 15 വർഷം പദ്ധതി മേഖലയെ തുടർച്ചയായി നിരീക്ഷിക്കാൻ സംവിധാനമൊരുക്കാനുള്ള നിർദേശവും പദ്ധതി മാർഗരേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.