പാലക്കാട്: മലമ്പുഴയിലെ ശാസ്ത്രീയ മാലിന്യ സംസ്കരണ കേന്ദ്രത്തിന് ആവശ്യമായ ഭൂമി, വിലപേശി (നെഗോഷ്യബ്ൾ പർച്ചേസ്) വാങ്ങുന്നത് ഹൈകോടതി ഉത്തരവിനെ മറികടന്ന്. നിലവിലെ നിയമപ്രകാരം നെഗോഷ്യബിൾ പർച്ചേസ് മുഖേന ഭൂമി ഏറ്റെടുക്കുന്നത് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ ലംഘനമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ 2025 മാർച്ച് 20ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കൽ യൂനിയൻ ലിസ്റ്റിൽ പെട്ടതാണ്.
കേന്ദ്ര നിയമത്തിന് വിരുദ്ധമല്ലാത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തി പ്രസിഡന്റിന്റെ അംഗീകാരത്തോടെ പുതിയ നിയമനിർമാണം നടത്തിയെങ്കിൽ മാത്രമെ ഭൂമി ഏറ്റെടുക്കാൻ കഴിയൂവെന്നും അത്തരം നിയമനിർമാണ സാധ്യതകൾ തേടും എന്നുമായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നത്. ഈ നിയമക്കുരുക്ക് നിലനിൽക്കേയാണ് ഭൂമി വിലപേശി വാങ്ങാനുള്ള റവന്യൂ വകുപ്പിന്റെ വിവാദ നീക്കം. പശ്ചിമഘട്ട മലനിരകളിലെ വാളയാർ ഫോറസ്റ്റ് ഡിവിഷനോട് ചേർന്നുള്ള പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ ഉൾപ്പെടുന്ന ലാൻഡ് സർവേ നമ്പർ 2/10, 15, 20, 6/1, 2, 8, 9, 10, 19, 21, 10/4, 5, 14, 15, 16, 11/2, 9, 20, 8/14, 8/5, 6/4, 6/14, 6/6 , 2/11, 6/17, 2/17 സർവേ നമ്പറുകളിൽ ഉൾപ്പെടുന്ന 13 ഹെക്ടർ (33.50 ഏക്കർ) ഭൂമിയാണ് വിലപേശി വാങ്ങാനൊരുങ്ങുന്നത്.
പാലക്കാട് താലൂക്കിലെ പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ മാന്തുരുത്തിയിൽ പദ്ധതി പ്രദേശത്ത് ഉടമസ്ഥതയിലുള്ളവരുടെ റവന്യുരേഖകളുടെ പരിശോധനയും സർവേ നടപടികളും പൂർത്തിയായിട്ടുണ്ട്. ഉടമകൾ ഭൂമി വിട്ടുനൽകാൻ താൽപര്യ പത്രവും നൽകിയിട്ടുണ്ട്. എന്നാൽ പദ്ധതിക്ക് 25 ഏക്കർ ഭൂമി വേണമെന്നും പ്രാഥമിക പഠനം ആരംഭിച്ചില്ലെന്നുമാണ് കലക്ടർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വിശദീകരിച്ചത്. ജനങ്ങളുടെ ആശങ്ക പരിഹരിച്ചതിനുശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകുവെന്നും പഠനം പൂർത്തീകരിക്കാൻ രണ്ടോ മൂന്നോ വർഷം വേണ്ടിവരുമെന്നും കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.