തിരുവനന്തപുരം കവടിയാർ-കുറവൻകോണം റോഡിലുണ്ടായ അപകടത്തിൽ മരിച്ച ആഷിഖും നൗഷിജയും
കൊടുവായൂർ: നവദമ്പതികളുടെ മരണം കൊടുവായൂരിനെ ദുഃഖത്തിലാഴ്ത്തി. തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊടുവായൂർ പിട്ടുപീടികയിൽ നിജാമുദീന്‍റെ മകൻ ആഷിഖും (27) മരിച്ചത് നാട്ടുകാർക്ക് തീരാവേദനയായി. മേയ് എട്ടിന് രാവിലെ തിരുവനന്തപുരം കവടിയാർ-കുറവൻകോണം റോഡിലുണ്ടായ അപകടത്തിൽ ആഷിഖിന്റെ ഭാര്യ ചിറ്റൂർ പൊൽപ്പുള്ളി കമ്പിളിച്ചുങ്കം വേർക്കോലിയിൽ നൗഷിജ (24) മരിച്ചിരുന്നു. ഭർത്താവിനും ബന്ധുവിനൊപ്പം റോഡരികിലൂടെ നടന്നുനീങ്ങവേയാണ് നിയന്ത്രണം വിട്ട കാർ നൗഷിജ, ഭർത്താവ് ആഷിഖ്, ആഷിഖിന്‍റെ ബന്ധു അഷ്മ (22) എന്നിവരുൾപ്പെടെ ഏഴുപേരെ ഇടിച്ചുതെറിപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ് നൗഷിജയും ആഷിഖും ഒരാഴ്ച ഇടവേളയിൽ വിടവാങ്ങിയത്.
മൂന്നു വർഷത്തോളമായി പ്രവാസിയാണെങ്കിലും കൊടുവായൂരിലെ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു പിട്ടുപീടിക സ്വദേശിയായ ആഷിഖ്. മാർച്ച് 29നാണ് ആഷിഖ്-നൗഷിജ ദമ്പതികൾ വിവാഹിതരായത്. യു.എ.ഇയിലെ സ്വകാര്യ കമ്പനിയിൽ ഹ്യൂമൻ റിസോഴ്‌സ് വകുപ്പിൽ ജോലി ചെയ്യുന്ന ആഷിഖ് വിവാഹത്തിനായി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഗൾഫിലേക്ക് തിരിച്ചുപോകേണ്ട ദിവസമാണ് മരണമുണ്ടായത്. മാർച്ച് 29 ന് കൊടുവായൂർ എം.പി ഹാളിൽ നടന്ന നിക്കാഹിന്‍റെ വർണാഭ കാഴ്ചകൾ കണ്ണിൽനിന്ന് മറയുന്നതിനു മുമ്പേയാണ് നവദമ്പതികളെ മരണം കവർന്നത്.
നൗഷിജ പി.എസ്.സി ഉൾപ്പെടെ മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നതിനിടെയായിരുന്നു വിവാഹം. സർക്കാർ ജോലി സ്വപ്നം കണ്ട് കഴിയുന്നതിനിടെയാണ് ദുരന്തമെത്തിയത്. ബന്ധു അഷ്ന ഒരു വർഷമായി തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിലായിരുന്നു.ആഷിഖിന്‍റെ മാതാവ്: ഖദീജ. സഹോദരൻ: അജ്മൽ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊടുവായൂർ ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.