പുതുപ്പരിയാരം കെ.ജി. ഇൻഡസ്ട്രീസിന്റെ ഗോഡൗണിലെ തീ
അഗ്നിരക്ഷാസേന അണക്കുന്നു
പുതുപ്പരിയാരം: വ്യവസായ സ്ഥാപനത്തിന്റെ ഗോഡൗണിൽ വൻ അഗ്നിബാധ. ലക്ഷങ്ങളുടെ നഷ്ടം. പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കെ.ജി. ഇൻഡസ്ട്രീസിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഒരു ഗോഡൗണിലെ രാസവസ്തുക്കൾ ഉൾപ്പെടെ സാധനസാമഗ്രികൾ പൂർണമായും മറ്റൊരു ഗോഡൗണിലെ വസ്തുവകകൾ ഭാഗികമായും കത്തിനശിച്ചു. ഷീറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കത്തിയമർന്നത്.
പുതുപ്പരിയാരം കെ.ജി. ഇൻഡസ്ട്രീസിന്റെ ഗോഡൗണിന് തീപിടിച്ചപ്പോൾ
ഒരു ഗോഡൗണിലെ ഷീറ്റും സാധനങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ അവിടെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ഭാഗികമായി തീ വിഴുങ്ങി. അഗ്നിബാധയുടെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് വ്യവസായ സ്ഥാപനത്തിൽനിന്ന് പുകപടലങ്ങൾ ഉയർന്നതായിക്കണ്ടത്. പാലക്കാട് അഗ്നിരക്ഷ നിലയത്തിലെ മൂന്ന് യൂനിറ്റ് വാഹനങ്ങളും അഗ്നിരക്ഷ സേനയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടിത്ത കാരണം വ്യക്തമല്ല.
രക്ഷാപ്രവർത്തനത്തിന് അസി. സ്റ്റേഷൻ ഓഫിസർ പി.എസ്. ഷാജു, സീനിയർ ഫയർ ഓഫിസർ സനൽകുമാർ, ഫയർമാന്മാരായ ഷജി, ശ്രുതിലേഷ്, വി.പി. സജിത്ത്, കെ. മനു, അശോകൻ, സഞ്ജിത്ത്, ശ്രീജിത്ത്, സതീഷ് ഫയർമാൻ ഡ്രൈവർ അമൽ വിനായക്, ഷമീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.