പാലക്കാട്: തുടർച്ചയായി പെയ്യുന്ന മഴക്ക് പിന്നാലെ രൂക്ഷമായ ഞണ്ട് ശല്യം നെൽകർഷകരെ ദുരിതത്തിലാക്കുന്നു. ഇളം നെൽച്ചെടികളെ നശിപ്പിക്കുന്നതിനാൽ ഞണ്ടുകളുടെ സാന്നിധ്യം നെൽകർഷകർക്ക് തലവേദന സൃഷ്ടിക്കുകയാണ്. കുഴൽമന്ദം, കുത്തനൂർ, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി എന്നിവിടങ്ങളിലെ പാടങ്ങളിലാണ് ഞണ്ട് ശല്യം വ്യാപകം. സാധാരണ നെൽപാടങ്ങളിലെ വരമ്പുകളിൽ ഞണ്ടുകൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ ശല്യം കൂടിയതായാണ് പറയുന്നത്.
രാത്രിയിലാണ് ഇവ സജീവമാകുന്നത്. നെൽവയലുകളോട് അടുത്തുള്ള മൺഭിത്തികൾ കുഴിച്ച് ഇളം നെൽച്ചെടികൾ വെട്ടിമാറ്റി നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. ഇത് വിളയെ നേരിട്ട് നശിപ്പിക്കുന്നതിനൊപ്പം ബണ്ടുകളിൽ ദ്വാരവും ഉണ്ടാക്കുന്നു. ഇതുമൂലം വയലുകളിൽനിന്ന് വെള്ളം നഷ്ടപ്പെടുന്നു. ഇത് വിളവ് കുറയാൻ ഇടയാക്കുന്നു.
പാടങ്ങളിലെ ഞണ്ട് ശല്യം കുറക്കാൻ മരുന്ന് തളിച്ചിട്ടും ഫലമില്ലെന്നാണ് കർഷകർ പറയുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് സീസണുകളിൽ കൃഷിയിടങ്ങളിൽ പാടവരമ്പുകൾ വൃത്തിയാക്കൽ (വരമ്പുമാടൽ) കുറഞ്ഞതാണ് ഇത്തവണ ഞണ്ട് ശല്യം വർധിക്കാൻ കാരണമായതെന്നാണ് പറയുന്നത്.
കാട്ടാന, കാട്ടുപന്നി, എലി, മയിൽ, കള, രോഗങ്ങൾ തുടങ്ങി പലവിധ ശല്യങ്ങളിൽനിന്നും ആക്രമണങ്ങളിൽനിന്നും നെൽകൃഷിയെ സംരക്ഷിച്ച് വരുമ്പോഴാണ് ഞണ്ടുകൾ കർഷകർക്ക് പ്രതിസന്ധിയാകുന്നത്. കാലാവസ്ഥമൂലവും വന്യമൃഗശല്യം മൂലവും നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുമ്പോഴും ഇത്തരം ആക്രമണങ്ങൾ നെൽകർഷകർക്ക് തീരാദുരിതമാകുന്നു.കാലാവസ്ഥാ വ്യതിയാനത്തിലും വന്യമൃഗ ശല്യങ്ങളാലും കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.