കൂറ്റനാട്: ഹൈസ്കൂള്‍ വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തിയ കൗണ്‍സലിങ് സംവിധാനം പ്രഹസനമാകുന്നെന്ന് ആക്ഷേപം. ശിശുക്ഷേമ-വികസനവകുപ്പ് നേരിട്ടാണ് കൗൺസലിങ് വിദഗ്ധരെ വിദ്യാലയങ്ങളില്‍ ഓണറേറിയം നല്കി നിയോഗിക്കുന്നത്. വിദ്യാർഥിനികള്‍ക്ക് നേരിടുന്ന മാനസിക, ശാരീരിക പ്രയാസങ്ങളും അതിക്രമങ്ങളും കണ്ടെത്തി സ്കൂൾ അധികൃതരെയും ശിശുവകുപ്പിനെയും അറിയിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇത്തരത്തിൽ ഇവർ കണ്ടെത്തുന്ന പല സംഭവങ്ങളും അധികൃതർ ഒത്തുകളിച്ച് മുക്കുകയാണെന്നാണ് ആരോപണമുയരുന്നത്. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ ചില വിദ്യാലയങ്ങളില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടായതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കുമരനല്ലൂരിലെ വിദ്യാലയത്തിൽ ഇത്തരത്തിൽ വിദ്യാർഥിനിക്ക് അധ്യാപകനിൽനിന്ന് പീഡനമേറ്റതായി കണ്ടെത്തിയിരുന്നു. അധ്യാപകൻ പ്രതിയായതോടെ കൗൺസലറുടെ റിപ്പോർട്ട് വിദ്യാലയം തള്ളി. തുടർന്ന് ആരോപണവിധേയനായ അധ്യാപകൻ ഒളിവിൽ പോകുകയും ഇരയുടെ കുടുംബവുമായി ധാരണയുണ്ടാക്കി രക്ഷപെടുകയുമായിരുന്നു. അധ്യാപകരിൽനിന്നുള്ള മാനസിക പീഡനം സഹിക്കാതെ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും കൗണ്‍സലിങ് പ്രവർത്തകയുടെ ഇടപെടലില്‍ കുട്ടി പിന്തിരിഞ്ഞു. വിദ്യാലയത്തിലെ ബുക്ക് സ്റ്റാളുകളും മറ്റും വിദ്യാർഥികളെ പണം നൽകി ശുചീകരണത്തൊഴിലിന് ഉപയോഗിക്കുന്നതായും ഇത്തരത്തിൽ കണ്ടെത്തിയിരുന്നു. സാമ്പത്തികമായും പഠനത്തിലും പിന്നോക്കം നില്ക്കുന്ന വിദ്യാർഥികളെ കുട്ടികളുടെ ഇടയില്‍ കളിയാക്കുകയും അശ്ലീലപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നതടക്കം കൗൺസലിങ് പ്രവർത്തക ബാലാവകാശ കമീഷനിലടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെല്ലാം പിന്നിൽ അധ്യാപകസംഘടനകളുടെ വഴിവിട്ട ഇടപെടലും ഉള്ളതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
ലഹരി ഉപയോഗം ഉൾപ്പെടെ വ്യാപകമായ സാഹചര്യത്തില്‍ ഇത്തരം അധ്യാപകരുടെ സേവനം അനിവാര്യമാണ്. എന്നാല്‍ ഇവരുടെ ജോലിസംബന്ധമായ സുരക്ഷിതത്വം ഒരുക്കേണ്ടത് ശിശുക്ഷേമ വകുപ്പാണ്. ഒരു പഞ്ചായത്തിലെ ഒന്നിലേറെ വിദ്യാലയങ്ങളിലേക്ക് ഒരാള്‍ മാത്രമാണുള്ളത്. അതിനുപുറമെ അംഗൻവാടികളിലും ആരോഗ്യവിഭാഗത്തിലും കുട്ടികളെയും കൗമാരപ്രായക്കാരെയും ബാധിക്കുന്ന മേഖലയിലും ഇവരുടെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. കൃത്യമായി ജോലിചെയ്യാനനുവദിക്കുകയും കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നീതി ലഭ്യമാക്കാൻ തയാറാവുകയും വേണമെന്നാണ് കൗൺസലിങ് വിദഗ്ധർക്കുള്ള പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.