ചിറ്റൂർ: വടകരപ്പതിയിൽ ഇക്കുറിയും ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയില്ല. 2015ൽ ഒറ്റക്ക് മത്സരിച്ച് വലിയ ഒറ്റകക്ഷിയായി ഇടതു പിന്തുണയോടെ അധികാരത്തിലേറിയ ആർ.ബി.സി മുന്നണി ഇത്തവണയും ഇടതുമുന്നണിക്കൊപ്പമാണ്. ഭൂരിപക്ഷം ജനങ്ങളും തമിഴ് സംസാരിക്കുന്ന പഞ്ചായത്താണ് ജില്ലയുടെ കിഴക്കൻ മേഖലയിലെ വടകരപ്പതി. ജലപ്രശ്നങ്ങൾ മുൻനിർത്തി ഇടത്, വലത് മുന്നണികളെ ബഹിഷ്കരിച്ച ചരിത്രവുമുണ്ട്. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന മഴനിഴൽ പ്രദേശമാണ് വടകരപ്പതി.
പച്ചക്കറി കൃഷി വ്യാപകമായ സംസ്ഥാനാതിർത്തിയിലെ പഞ്ചായത്തിൽ പക്ഷേ, ജലമാണ് പ്രധാന രാഷ്ട്രീയ വിഷയം. ജലപ്രശ്നങ്ങൾ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. പറമ്പിക്കുളം-ആളിയാർ പദ്ധതിയാണ് മേഖലയിലേക്കുള്ള പ്രധാന ജല ശ്രോതസ്സ്. ഈ പദ്ധതിയിലേക്കുള്ള വലതുകര കനാൽ നിർമാണം അനിശ്ചിതമായി നീണ്ടതോടെയാണ് ആർ.ബി.സി കൂട്ടായ്മ എന്ന പേരിൽ ജനകീയ സമിതി രൂപം കൊണ്ടത്. ഫാ. ആൽബർട്ട് ആനന്ദ രാജിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട സമിതി ജല വിഷയങ്ങളിലെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് 2014ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നോട്ടക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നു.
പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയാവാനും ആർ.ബി.സി മുന്നണിക്ക് സാധിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പിന്തുണ നൽകിയ ആർ.ബി.സി മുന്നണി ജനതാദൾ സെക്യുലർ സ്ഥാനാർഥി കെ. കൃഷ്ണൻകുട്ടിയുടെ വിജയത്തിന് നിർണായകമായി. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന പഞ്ചായത്തിൽ 17ൽ ആറ് സീറ്റുകൾ നേടി ആർ.ബി.സി മുന്നണി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സി.പി.എമ്മിന് മൂന്ന് ജനതാദളിന് നാലു അംഗങ്ങളും വിജയിച്ചപ്പോൾ കോൺഗ്രസിന് നേടാനായത് നാലു വാർഡുകൾ മാത്രമാണ്. കെ. കൃഷ്ണൻകുട്ടി എം.എൽ.എ ആയതോടെ പഞ്ചായത്തിലെ ജലപ്രശ്നങ്ങളിൽ കാര്യക്ഷമമായ നടപടി സ്വീകരിക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് ആർ.ബി.സി മുന്നണിയും ഇടതുപക്ഷവും.
എന്നാൽ, ജല വിഷയങ്ങളെക്കുറിച്ചല്ലാതെ മറ്റ് വികസനനേട്ടങ്ങളെക്കുറിച്ച് പറയാനില്ലെന്ന് കോൺഗ്രസ് പറയുന്നു. 10 വർഷം മുമ്പത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ രൂപം കൊണ്ട ആർ.ബി.സി മുന്നണിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഇക്കുറി തെരഞ്ഞെടുപ്പിൽ ജനവിധി തങ്ങൾക്ക് അനുകൂലമാവുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസിന്. എന്നാൽ, വിമതശല്യവും കോൺഗ്രസിനെ അലട്ടുന്നുണ്ട്. കോൺഗ്രസ് നിശ്ചയിച്ച മൂന്ന് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാൻ പത്രിക നൽകിയ മൂന്നു പേരെ പാർട്ടി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.