സെക്രട്ടറിയുടെ ഭർതൃപിതാവിന്‍റെ പേരിൽ പാലൊഴിച്ചതായി കണക്കുണ്ടാക്കി ലക്ഷങ്ങൾ തട്ടി; ക്ഷീരസഹകരണ സംഘത്തിൽ ക്രമക്കേട് 

ചിറ്റൂർ:വടകരപ്പതിയിലെ ക്ഷീരസഹകരണ സംഘത്തിൽ വൻക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറിയെ സസ്പെൻറ് ചെയ്തു. വടകരപ്പതി ശാന്തലിംഗ നഗർ ക്ഷീരോല്പാദക സഹകരണ സംഘത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത് .തുടർന്ന് സംഘം സെക്രട്ടറി ടി.കെ മഞ്ജുളയെയാണ് സസ്പെൻറ് ചെയ്തത്. സംഘം സെക്രട്ടറിയുടെ ഭർതൃപിതാവിന്‍റെ പേരിൽ പാലൊഴിച്ചതായി കണക്കുണ്ടാക്കി ലക്ഷങ്ങൾ തട്ടിയതായാണ് കണ്ടെത്തിയത്. ഇതിന് പുറമെ കാലിത്തീറ്റ വിതരണത്തിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്​.

വടകരപ്പതിയിലെ ശാന്തലിംഗ നഗർ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ അഴിമതികളെക്കുറിച്ച്  ചിറ്റൂർ ക്ഷീര വികസന വകുപ്പ് ഓഫീസർക്ക്  ലഭിച്ച പരാതിയിൽ ജില്ലാ ക്ഷീര വികസന തുടർ അന്വേഷണ സമിതി  നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയത്. സംഘം സെക്രട്ടറി ടി.കെ മഞ്ജുളയുടെ ഭർതൃപിതാവ് കൃഷ്ണസ്വാമി സൊസൈറ്റിയിൽ പാലൊഴിച്ചതായി കണക്കുണ്ടാക്കി പണം തട്ടിയെന്ന്​ വ്യക്​തമായി. 2020 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറുമാസ കാലയളവിൽ 9577 ലിറ്റർ പാലൊഴിച്ചുവെന്ന് കണക്കുണ്ടാക്കിയാണ്​ പണം തട്ടിയത്. ക്ഷീര കർഷകർക്കുള്ള ധനസഹായങ്ങളും ആനുകൂല്യങ്ങളും ഇയാൾ അനർഹമായി  നേടിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അന്വേഷണത്തിൽ ഈ കാലയളവിൽ ഇയാൾക്ക് പശുവുണ്ടായിരുന്നില്ലെന്നും തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പാൽ വാങ്ങി സൊസൈറ്റിയിൽ നൽകിയതാണെന്നും കണ്ടെത്തി. വരും ദിവസങ്ങളിൽ സംഘത്തിലെ രണ്ടു വർഷത്തെ മുഴുവൻ  സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായ  അന്വേഷണം നടത്തുമെന്ന് മിൽമ ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ജെ.എസ്. ജയസുജീഷ് പറഞ്ഞു. കീരോത്പാദക സംഘത്തിലും മറ്റും അതിർത്തിയിലെ  ചില ക്ഷീര സഹകരണ സംഘങ്ങളുടെ ഒത്താശയോടെ തമിഴ് നാട്ടിൽ നിന്നുള്ള പാൽ മേഖലയിൽ വിറ്റഴിക്കപ്പെടുന്നത്. അതിർത്തി സംഘങ്ങൾ വഴി അമിതമായി പാൽ എത്തുന്നത് തടയാൻ നടപടിയെടുക്കാത്തത് കാരണം നഷ്ടമാകുന്നത് മേഖലയിലെ  യഥാർഥ ക്ഷീര കർക്ഷകർക്ക് ലഭിക്കേണ്ട് ആനൂകൂല്യങ്ങളാണ്​.  ക്ഷീര വ്യവസായവുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിൽ പോലും തമിഴ്നാട്ടിൽ നിന്നുള്ള പാൽ മിൽയിലേക്ക് അളക്കുകയാണ് രീതി, ഇതു വഴി വലിയ ലാഭവും കഠിനാധ്വാനം ചെയ്യുന്ന കർഷകർക്ക് ലഭിക്കേണ്ട ഇൻസെൻ്റീവ് തട്ടിയെടുക്കുകയുമാണ് ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

തമിഴ് നാട്ടിൽ ലിറ്ററിന് 25 രൂപ മുതൽ ക്ഷീരസംഘങ്ങൾക്ക് പാൽ ലഭിക്കും. മാപ്പിളകൗണ്ടൻപുതൂർ, നാഗൂര്, കനാൽപുതൂർ, കളത്തൂർ, കുമരപാളയം, എന്നീ അതീർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ പ്രാദേശിക ഗ്രാമങ്ങളിൽ  പാൽ സംഭരിച്ച് ഇരുചക്രവാഹനങ്ങളിൽ എല്ലപ്പട്ടാംകോവിൽ അതിർത്തിയിലൂടെയാണ് കേരളത്തിലേക്ക് കടത്തുന്നത്  വർഷങ്ങളായി തമിഴ്നാട്ടിൽ നിന്നുള്ള പാൽ കിഴക്കൻ അതിർത്തിയോട് ചേർന്ന് പ്രവർത്തിക്കുന്ന ചില ക്ഷീരസംഘങ്ങൾ വഴി മിൽമയിലേക്ക് എത്തുന്നുണ്ട്. ഇടക്കാലത്ത് മിൽമ കർശന പരിശോധന നടത്തിയെങ്കിലും പിന്നീട് അയവ് വരുത്തിയതോടെയാണ് വീണ്ടും തമിഴ്നാടിൽ നിന്നും പാൽ കേരളത്തിലേക്ക് എത്തിതുടങ്ങിയത്. ഓരോ ക്ഷീര സംഘങ്ങളുടെ കീഴിലുള്ള കർഷകരുടെ എണ്ണം, അളക്കുന്ന പാലിന്‍റെ അളവ് എന്നിവ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്നും ക്ഷീര കർഷകർ പറയുന്നു..

Tags:    
News Summary - Lakhs swindled out of milk in the name of the secretary's father-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.