നഗരിപ്പുറം പേട്ടക്ക് സമീപം ദ്രവിച്ച് വീഴാറായ തെങ്ങ്, പെരുവെമ്പ് മേലേക്കാട്ടിൽ വൈദ്യുത ലൈൻ
കേബിൾ ലൈൻ സ്ഥാപിച്ച തൂണിന്റെ തൊട്ടടുത്തുകൂടി
കടന്നുപോകുന്നു
പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറത്ത് പാതയോരത്തെ ദ്രവിച്ച തെങ്ങ് വാഹനഗതാഗതത്തിന് ഭീഷണിയാകുന്നു. മണ്ണൂർ പത്തിരിപ്പാല പൊതുമരാമത്ത് റോഡിൽ നഗരിപ്പുറം പേട്ടയിലാണ് വീഴാറായ തെങ്ങ് സ്ഥിതി ചെയ്യുന്നത്. തെങ്ങിന്റെ പല ഭാഗങ്ങളും ദ്രവിച്ച ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. വൈദ്യുതി ലൈനുകൾക്ക് തൊട്ടുരുമ്മിയാണ് തെങ്ങ് കടന്നുപോകുന്നത്.
ചെറിയ കാറ്റടിച്ചാൽ തെങ്ങ് വൈദ്യുതി ലൈനിന് മുകളിലേക്കായിരിക്കും വീഴുക, സ്കൂൾ വാഹനങ്ങൾ, സ്വകാര്യ ബസുകൾ എന്നിവ സർവിസ് നടത്തുന്ന പ്രധാന പാതയിലാണ് തെങ്ങ് ചരിഞ്ഞ് നിൽക്കുന്നത്. പാതയോരത്തായതിനാൽ പൊതുമരാമത്തുതന്നെ നടപടിയെടുക്കണം. സമീപത്തെ മരങ്ങൾ വെട്ടിമാറ്റിയപ്പോൾ ഇത് കൂടി വെട്ടിമാറ്റേണ്ടതായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. വലിയ അപകടം ഉണ്ടാകുന്നതിന് മുമ്പ് തെങ്ങ് മുറിച്ച് മാറ്റിയാൽ യാത്രക്കാരുടെ ഭീതി മാറും. സമീപത്ത് നിരവധി വീടുകളുമുണ്ട്.
പുതുനഗരം: കേബിൾ ലൈനിനുതാഴെ വൈദ്യുത ലൈൻ അപകട ഭീഷണി ഉയർത്തുന്നു. പെരുവെമ്പ് പഞ്ചായത്ത് ഉൾപ്പെടുന്ന മേലേക്കാട്ടിലാണ് വൈദ്യുത ലൈൻ കേബിൾ ലൈനുതാഴെ കടന്നുപോകുന്നത്. വൈദ്യുത ലൈൻ കേബിൾ ലൈൻസ് സ്ഥാപിച്ച റോഡരികിലെ ഇരുമ്പ് തൂണുമായി ഇഞ്ചുകൾ വ്യത്യാസത്തിലാണുള്ളത്. കാറ്റത്ത് പലപ്പോഴും കേബിൾ ലൈനുമായി വൈദ്യുത ലൈൻ മുട്ടാറുണ്ട്. ഇടക്കിടെ തീപ്പൊരികൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് മരങ്ങളെ വെട്ടി മാറ്റാത്തതും വൈദ്യുത ലൈൻ ഉയർത്തി സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാകും.
കൊയ്ത്ത് യന്ത്രം ഉൾപ്പെടെയുള്ളവ കടന്നുപോകുമ്പോൾ ഈ പ്രദേശത്ത് വൈദ്യുത ലൈൻ വൈദ്യുതി വിച്ഛേദിച്ചിട്ടാണ് വാഹനങ്ങൾ കടക്കുന്നത്. കൂടുതൽ ഉയരമുള്ള ഇരുമ്പ് വൈദ്യുത തൂണുകൾ സ്ഥാപിച്ച് വൈദ്യുത ലൈൻ കടത്തിക്കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കേബിൾ ലൈനുമായി ബന്ധിപ്പിച്ച് വൈദ്യുത ലൈനുകൾ കടന്നുപോകുന്നത് ബന്ധപ്പെട്ട അധികൃതരുടെയും കേബിൾ ശൃംഖല നടത്തുന്നവരുടെയും അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. കേബിൾ ലൈനുകളും വൈദ്യുത ലൈനുകളും തമ്മിൽ ഒരുമിച്ചുകടന്നുപോകുന്ന അവസ്ഥ ഒഴിവാക്കാൻ നടപടി വേണമെന്ന നാട്ടുകാർ ആവശ്യപ്പെട്ടു.
കൊല്ലങ്കോട്: വൈദ്യുത ലൈനിൽഭീഷണിയായി വൻമരത്തിന്റെ ശിഖരങ്ങൾ പ്രതിഷേധവുമായി നാട്ടുകാർ. കൊല്ലങ്കോട് പുളിങ്കൂട്ടുതറയിൽ ക്ഷേത്രത്തിനടുത്താണ് പ്രധാന റോഡിന്റെ വശത്ത് വൻ വേപ്പ് മരത്തിന്റെ ശിഖരങ്ങൾ ത്രീ ഫേസ് ലൈനിന് മുകളിൽ വളർന്നുനിൽക്കുന്നത്. ഇടക്കിടെ വൃക്ഷത്തിൽനിന്ന് ശിഖരങ്ങൾ പൊട്ടി വീണ് ലൈനിൽ അഗ്നിസ്ഫുരണങ്ങൾ ഉണ്ടാകാറുണ്ട്.
ശക്തമായ കാറ്റിലെ ചെറിയ ചില്ലകൾ പൊട്ടി വീഴുന്നതായും നാട്ടുകാർ പറഞ്ഞു. ഗേൾസ് ഹൈസ്കൂളിലേക്ക് പോകുന്ന പ്രധാനപാതയിലാണ് ഭീതിപരത്തുന്ന വൃക്ഷയുള്ളത്. നിരവധിതവണ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. നാട്ടുകാർ, പഞ്ചായത്ത് അംഗം എന്നിവ കൊല്ലങ്കോട് പഞ്ചായത്തിലെത്തി ഉദ്യോഗസ്ഥരുമായി വാക്ക്തർക്കം ഉണ്ടായി. എന്നാൽ, സ്വകാര്യ വ്യക്തിയുടെതാണ് വൃക്ഷമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചതായും അധികൃതർ പറഞ്ഞു.
എന്നാൽ, ഏതുസമയത്തും നിലംപതിക്കാറായ ശിഖരങ്ങൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും അപകടമാണ്. ശിഖരങ്ങൾ മുറിച്ചുമാറ്റിയില്ലെങ്കിൽ വൈദ്യുത ലൈനിന് മുകളിൽ പതിച്ചാൽ വൻ ദുരന്തങ്ങൾക്ക് വഴിക്കുമെന്നും നടപടി വൈകിയാൽ സമര രംഗത്തേക്ക് ഇറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.