അലനല്ലൂർ: വിഭജനം കൊതിക്കുന്ന അലനല്ലൂർ ഗ്രാമ പഞ്ചായത്തിൽ ഭരണകാര്യങ്ങളിൽ വീർപ്പുമുട്ടുന്ന അവസ്ഥ ഇല്ലാതാക്കാനുള്ള പരിശ്രമം നടക്കാതെ പോയി. ഇത്തവണ അലനല്ലൂർ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്ത് ആകുമെന്ന പ്രതീക്ഷ തെറ്റിയാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. പല അഭിപ്രായങ്ങളിലും വ്യത്യസ്ത നിലപാട് എടുക്കുന്ന രാഷ്ട്രീയപാർട്ടികൾ പഞ്ചായത്ത് വിഭജിക്കുന്ന അഭിപ്രായത്തിൽ ഒറ്റക്കെട്ടാണ്. ഭൂവിസ്തൃതി, ജനബാഹുല്യം എന്നിവ കൊണ്ട് വികസന പ്രവർത്തനങ്ങൾ വളരെ കുറച്ചാണ് നടക്കുന്നത്.
ലഭിക്കുന്ന ഫണ്ടിന്റെ കുറവാണ് വികസന പ്രവർത്തനങ്ങൾക്ക് മതിയാകാതെ വരുന്നത്. രണ്ട് പഞ്ചായത്തായാൽ മിക്കയിടങ്ങളിലും വികസനം എത്തിക്കാൻ കഴിയുമെന്ന കാഴ്ചപ്പാടാണ് ഉള്ളത്. മലയോര മേഖലയായ ഉപ്പുകുളം, മുണ്ടകുളം, ചോലമണ്ണ്, ചൂളി, കപ്പി, കല്ലംപള്ളിയിൽ, ചളവ, താന്നിക്കുന്ന്, ഓലപ്പാറ, പൊൻപാറ, കിളയപ്പാടം, പിലാച്ചോല എന്നീ പ്രദേശങ്ങളിൽ അടുത്ത കാലത്താണ് അൽപമെങ്കിലും ഫണ്ടുകൾ ഉപയോഗിച്ച് വികസനം എത്തി തുടങ്ങിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്തിൽ എത്തുന്ന അധികം ജീവനക്കാരും ജോലിഭാരത്തെ തുടർന്ന് ഉടനെ സ്ഥലം മാറിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്.
ഇത് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും പ്രദേശത്തുകാർക്കും എറെ തലവേദന സൃഷ്ടിക്കുന്നു. ആദിവാസി നഗറുകളിൽ വികസന കാര്യങ്ങൾ നടക്കുന്നതും വളരെ കുറച്ച് മാത്രമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 900ത്തിൽ പരം കുടുംബങ്ങൾക്കാണ് ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിലൂടെ വീടുകൾ നൽകിയത്. ഇതിനായി 7.45 കോടി രൂപയാണ് തനത് ഫണ്ടിൽ നിന്ന് പഞ്ചായത്ത് നീക്കിവെച്ചത്.
ഏറ്റവും കൂടുതൽ വിദ്യാലയങ്ങളുള്ള ഗ്രാമ പഞ്ചായത്തിൽ സ്കൂളുകൾക്ക് ആവശ്യമായ തുക വകയിരുത്താൻ ഭരണസമിതികൾക്ക് കഴിയാറില്ല. 23 വാർഡുകളുള്ള പഞ്ചായത്തിനെ 24 വാർഡുകളായിട്ടാണ് ഇത്തവണ ക്രമീകരിച്ചിട്ടുള്ളത്. മിക്ക വാർഡുകളിലും രണ്ടായിരത്തോളം വോട്ടർമാരുണ്ട്. യു.ഡി.എഫ് സ്ഥിരമായി ഭരിക്കുന്ന പഞ്ചായത്തായത് കൊണ്ട് തന്നെ ഭരണത്തുടർച്ചക്കുള്ള നെട്ടോട്ടത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. എന്ത് വിലകൊടുത്തും ഭരണം തിരിച്ച് പിടിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ഇടതുപക്ഷ പ്രവർത്തകരും. സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായതിനാൽ പല വാർഡുകളിലായി വിമതർ മത്സര രംഗത്തുണ്ട്.
ഇത് പാർട്ടിക്ക് ഏറെ ക്ഷീണം ചെയ്യുന്നു. ഇപ്പോൾ ഐ.എൻ.എല്ലും ഇടഞ്ഞ് നിൽക്കുന്നു. സി.പി.ഐക്ക് വിജയ സാധ്യത ഇല്ലാത്ത വാർഡുകൾ നൽകിയത് സി.പി.ഐ പ്രവർത്തകർക്ക് തൃപ്തിയായിട്ടില്ല. മുമ്പത്തെക്കാളും കോൺഗ്രസിലുള്ള ചേരിപ്പോരുകൾ കുറഞ്ഞിട്ടുണ്ട്. വെൽഫെയർ പാർട്ടി മൂന്ന് വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി 24 വാർഡുകളിലും മത്സര രംഗത്ത് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.