കാട്ടാനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി താവളത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധം
അഗളി: കാട്ടാന ആക്രമണത്തിൽ മഞ്ചിക്കണ്ടിയിൽ ശാന്തകുമാർ കൊല്ലപ്പെട്ടതിനെതുടർന്ന് താവളത്ത് നടന്ന സമരത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധമിരമ്പി. മാൻ ഓട്ടോക്ക് കുറുകെ ചാടിയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട സുബ്രഹ്മണ്യന്റെ ഭാര്യയടക്കമുള്ളവർ സമരത്തിനെത്തി. അഞ്ച് വർഷത്തിനിടടെ ഏകദേശം മുപ്പതോളം പേരാണ് അട്ടപ്പാടിയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സമരത്തെത്തുടർന്ന് ഡി.എഫ്.ഒ, ഭൂരേഖ തഹസിൽദാർ അട്ടപ്പാടി, അഗളി ഡിവൈ.എസ്.പി തുടങ്ങിയവർ വിവിധ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി.
പാലൂർ, തേക്ക് വട്ട ഭാഗങ്ങളിൽ കാട്ടാന ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ ആക്രമണകാരിയായ ആനയെ തിരിച്ചറിയാൻ നടപടി സ്വീകരിക്കുമെന്നും നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ നടപടിയെടുക്കുമെന്നും അധികൃതർ ഉറപ്പ് നൽകി. അട്ടപ്പാടിയുടെ വിവിധ മേഖലകളിൽ ജനവാസ കേന്ദ്രങ്ങൾക്കിടയിലെ വനഭൂമിയിൽ നിലയുറപ്പിച്ച ആനകളെ തുരത്താൻ നടപടിയെടുക്കും. രണ്ട് ദിവസങ്ങളായി കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ ഒരംഗത്തിന് ദിവസവേതനാടിസ്ഥാനത്തിൽ ജോലി നൽകും.
വന്യമൃഗ ആക്രമണം രൂക്ഷമായ പ്രദേശത്ത് ഇലക്ട്രിക്- സോളാർ ഫെൻസിങ്, ട്രഞ്ച് എന്നിവ നിർമിക്കും. അഞ്ച് വർഷങ്ങളിലായി കാട്ടുമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകാനുള്ള ബാക്കി തുക നൽകും. അവകാശ സർട്ടിഫിക്കറ്റ് കിട്ടാത്തവർക്ക് തഹസിൽദാർ അതിനുള്ള സൗകര്യം ഒരുക്കും. വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തവർക്ക് ലഭിക്കുവാനുള്ള നഷ്ടപരിഹാരം ഉടൻ നൽകും. ആനക്ക് വനഭൂമിയിൽ തന്നെ കുടിവെള്ള സൗകര്യം ഒരുക്കും.
സ്പെഷൽ ആർ.ആർ.ടി സംഘത്തിന് സുസജ്ജമായ വാഹനവും സൗകര്യങ്ങളും നൽകും. ആർ.ആർ.ടി ടീമിന്റെ പട്രോളിങ് ശക്തിപ്പെടുത്തും. കൊല്ലപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തും. കൃഷിനാശത്തിനുള്ള തുകയുടെ പരിധി ഉയർത്താൻ ശ്രമിക്കും. രാവിലെ ഒമ്പതരക്ക് ആരംഭിച്ച സമരം ഉച്ചക്ക് ഒന്നരക്കാണ് അവസാനിപ്പിച്ചത്. ഷിബു സിറിയക്, പി.എം. ഹനീഫ, ധർമരാജ് താവളം, സെന്തിൽ കുമാർ. എ, ജോസ് പനക്കാമറ്റം, മണി കാവുണ്ടിക്കല്ല്, ബാബു ആനക്കല്ല്, സതീഷ് കുമാർ പാടവയൽ, മനോജ് ഭാസ്കരൻ, മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.