അഗളി: ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനസമയത്തിൽ ഇനി മുതൽ വിട്ടുവീഴ്ചയില്ല. സർക്കാർ നിർദേശ പ്രകാരം ആറു മണി വരെ പ്രവർത്തിക്കണമെന്ന തീരുമാനമെടുത്ത് ആശുപത്രി വികസന സമിതി.
‘മാധ്യമം’വാർത്തയെ തുടർന്ന് ശനിയാഴ്ച ചേർന്ന അടിയന്തര എച്ച്.എം.സി യോഗത്തിലാണ് തീരുമാനം. മെഡിക്കൽ ഓഫിസറെ തൽസ്ഥാനത്ത് നിന്നും നീക്കി താൽകാലിക നിർവഹണ ചുമതല ഷോളയൂർ മെഡിക്കൽ ഓഫിസർക്ക് നൽകി. ഇനി കൂടുന്ന എച്ച്.എം.സി യോഗത്തിൽ പുതിയ മെഡിക്കൽ ഓഫിസറെ തീരുമാനിക്കും.
ഒരു സ്റ്റാഫ് നഴ്സിനെ നാഷനൽ ഹെൽത്ത് മിഷൻ വഴി ഉടൻ നിയമിക്കും. ശനിയാഴ്ച മുതൽ ആശുപത്രിയുടെ പ്രവർത്തനസമയം വീണ്ടും ആറു മണിവരെയായി. ഫീൽഡ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും നിപ്പക്കെതിരെയുള്ള ജാഗ്രത പ്രവർത്തനങ്ങൾ സജീവമാക്കും എന്നിവയാണ് യോഗത്തിലെടുത്ത മറ്റ് പ്രധാന തീരുമാനങ്ങൾ.
ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ആർ. ജിതേഷ്, വാർഡ് മെംബർ കൽപ്പന വെള്ളിങ്കിരി, അസി. എൻജിനീയർ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. 2020ലായിരുന്നു ആനക്കട്ടിയിലെ ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. നാല് മാസക്കാലം ഒഴിച്ചു നിർത്തിയാൽ ബാക്കി കാലങ്ങളിലെല്ലാം നേരത്തെ ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.