വിഷയം: റോഡ്, പ്രശ്നം: തകർച്ച

അഗളി: അഗളി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ-കുറവൻപാടി റോഡ് നിർമാണം പൂർത്തിയായി ഒരുമാസം തികയുംമുമ്പേ തകർന്നു. നിർമാണത്തിൽ വ്യാപക ക്രമക്കേട് നടന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.

നബാർഡിന്‍റെ 80 ലക്ഷവും അഗളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 40 ലക്ഷം രൂപയും വകയിരുത്തിയാണ് നാലു കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമാണം പൂർത്തീകരിച്ചത്.

പ്രവൃത്തി നടക്കുന്ന സമയത്തുതന്നെ അപാകതയുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ, ഫലമുണ്ടായില്ല. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്ലാതെ തന്നെ പണി തുടർന്നു. ഇപ്പോൾ പണി പൂർത്തിയായി ആഴ്ചകൾ പിന്നിട്ടതോടെ റോഡിന്‍റെ പലഭാഗങ്ങളും തകർന്നു.

പലസ്ഥലത്തും ഇളകി കൈകൊണ്ട് വാരിയെടുക്കാവുന്ന അവസ്ഥയാണ്. കുടിയേറ്റ കർഷകർ പാർക്കുന്ന പുലിയറ, കുറവൻപാടി, തുമ്പപ്പാറ പ്രദേശങ്ങളിലേക്കുള്ള റോഡാണിത്. മഴക്കാലം എത്തിയാൽ റോഡ് നാമാവശേഷമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനും മുറവിളിക്കും ശേഷമാണ് കുറവൻപാടി നിവാസികൾക്ക് റോഡ് അനുവദിച്ചുകിട്ടിയത്.

ചളിക്കുളമായി നെന്മാറ കനാൽ റോഡ്

നെന്മാറ: ബസ് സ്റ്റാൻഡിൽ നിന്ന് ജങ്ഷനിലേക്കുള്ള എളുപ്പ വഴിയായ ജലസേചന കനാൽ റോഡ് മഴവെള്ളം കെട്ടിനിന്ന് ചളിക്കുളമായി. 300 മീറ്റർ ദൈർഘ്യമുള്ള റോഡിന്‍റെ 100 മീറ്റർ മാത്രമാണ് വർഷങ്ങൾക്കു മുമ്പ് മെറ്റലിട്ട് നന്നാക്കിയിരുന്നത്. എന്നാൽ ഇന്ന് ആ ഭാഗവും തകർന്ന അവസ്ഥയിലാണ്.

ടൗണിന്‍റെ മധ്യത്തിലുള്ള ഈ റോഡ് നന്നാക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഉപയോഗിക്കുന്ന ഈ റോഡ് അടിയന്തരമായി നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

റോഡിലെ വെള്ളക്കെട്ട് നീക്കി

കേരളശ്ശേരി: പൂക്കാട്ട് റോഡിലെ വെള്ളക്കെട്ട് സി.പി.എം കിഴക്കുമുറി ബ്രാഞ്ച് പ്രവർത്തകർ ശ്രമദാനത്തിലൂടെ നികത്തി.

ലോക്കൽ കമ്മിറ്റി അംഗം വൈ.എൻ. ജയഗോപാലൻ, ബ്രാഞ്ച് സെക്രട്ടറി കെ.വി. സുധാകരൻ, യു.എസ്. ഹരിനാരായണൻ, പി.എം. കണ്ണപ്പൻ, നിഖിൽ, അജയ്, റാഷിക്, റിയാസ്, ശിവശങ്കരൻ എന്നിവർ നേതൃത്വം നൽകി. മഠത്തിൽ പൂക്കാട്ട് റോഡ് ഉൾപ്പെടെയുള്ള കേരളശ്ശേരി-കല്ലൂർ റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥ പരിഹരിക്കാനായി ജില്ല പഞ്ചായത്തിൽ നിന്ന് 15 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും റോഡ് നവീകരിക്കുന്നതോടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുമെന്നും കേരളശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് കെ. ഷീബ അറിയിച്ചു.

Tags:    
News Summary - Road problem in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.