പാലക്കാട്: ഓണം സീസണിൽ പാലക്കാട് കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് കലക്ഷൻ. സെപ്റ്റംബർ മൂന്നു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 2,83,89,712 രൂപയാണ് ജില്ലയിലെ മൊത്തം കലക്ഷൻ. ഇക്കാലയളവിൽ ജില്ലയിലെ നാല് ഡിപ്പോകളിൽനിന്നുള്ള 178 സർവിസുകൾ വഴി കെ.എസ്.ആർ.ടി.സി കൈകാര്യം ചെയ്തത് 5,51,717 യാത്രക്കാരെ. കലക്ഷൻ വരുമാനത്തിൽ മുന്നിൽ പാലക്കാട് ഡിപ്പോയാണ്.
ഈ മാസം മൂന്നു മുതലുള്ള 10 ദിവസത്തെ പാലക്കാട് ഡിപ്പോയുടെ കലക്ഷൻ 1,61,53,761 രൂപ. ഡിപ്പോ കൈകാര്യം ചെയ്ത യാത്രക്കാരുടെ എണ്ണം 2,67,040. രണ്ടാം സ്ഥാനത്തുള്ള ചിറ്റൂർ ഡിപ്പോയിലെ 10 ദിവസത്തെ കലക്ഷൻ 53,65,778. കൈകാര്യം ചെയ്ത യാത്രക്കാർ 1,12,686. മൂന്നാമതുള്ള മണ്ണാർക്കാട് ഡിപ്പോയിലെ ഓണം സീസണിലെ കലക്ഷൻ 37,58,417 രൂപ. ഡിപ്പോ കൈകാര്യം ചെയ്ത യാത്രക്കാരുടെ എണ്ണം 94,711. ഓണം കലക്ഷനിൽ നാലാം സ്ഥാനത്ത് വടക്കഞ്ചേരി ഡിപ്പോയാണ്. 31,11,756 രൂപ കലക്ഷൻ വരുമാനമുള്ള വടക്കഞ്ചേരി ഡിപ്പോ ഈ സീസണിൽ കൈകാര്യം ചെയ്തത് 77,280 യാത്രക്കാരെ.
സീസണിൽ ഏറ്റവും ഉയർന്ന കലക്ഷൻ ലഭിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഓണാവധി കഴിഞ്ഞ് തിരിച്ചുവരുന്നവരുടെ തിരക്ക് ഉണ്ടായിരുന്ന ഈ ദിവസം ജില്ലയിൽ നാലു ഡിപ്പോകളിലുംകൂടി ആകെ ലഭിച്ച വരുമാനം 42,09,449 രൂപയാണ്. തിങ്കളാഴ്ച മാത്രം ജില്ലയിലെ ട്രാൻസ്പോർട്ട് ബസുകളിൽ യാത്ര ചെയ്തവർ 80,738. പതിവായി ഓടുന്ന 158 ഷെഡ്യൂളുകൾക്കു പുറമെ ഓണത്തിന് 20 അധിക സർവിസുകൾ കോർപറേഷൻ ജില്ലയിൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.