ധോണി വെള്ളച്ചാട്ടത്തിൽ 17കാരനെ കാണാതായി

പുതുപ്പരിയാരം: ധോണി വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർഥിയെ കാണാതായി. പെരിങ്ങോട്ടുകുറുശ്ശി ചൂലന്നൂർ മണ്ണാരംപൊറ്റ വീട്ടിൽ സുരേഷിന്‍റെ മകൻ അജിലിനെയാണ്​ (17) കാണാതായത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വെള്ളച്ചാട്ടത്തിന്‍റെ മുകൾഭാഗത്തുനിന്ന്​ കാൽ വഴുതി വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച അമ്പതോളം യുവാക്കളാണ് ധോണി വെള്ളച്ചാട്ടം സന്ദർശിക്കാൻ വന്നത്. ചൂലന്നൂരിലെ 12 അംഗ സംഘത്തിലാണ് അജിൽ ഉണ്ടായിരുന്നത്. കൂട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ട്രെക്കിങ്ങിനിടെ വഴികാട്ടിയെ മറികടന്ന് രണ്ട് യുവാക്കൾ മുകൾ ഭാഗത്തേക്ക് കയറിയിരുന്നു. ഇവരിലൊരാളാണ് വെള്ളച്ചാട്ടത്തിൽ വീണതെന്ന് കൂടെയുള്ളവർ പറയുന്നു. പാലക്കാട് ഫയർസ്റ്റേഷനിലെ എ.എസ്.ഒ ഗ്രേഡ് പ്രവീൺ, റെസ്ക്യൂ ഓഫിസർമാരായ പ്രദീപ്, രാകേഷ്, അശോകൻ, രഞ്ജിത്ത്, വിനീത് എന്നിവരടങ്ങിയ സംഘം രാത്രി ഇരുട്ടുംവരും തിരച്ചിൽ നടത്തിയിട്ടും വിദ്യാർഥിയെ കണ്ടെത്താനായില്ല. ഹേമാംബിക നഗർ എസ്.ഐമാരായ ശിവേന്ദ്രൻ, മധു എന്നിവരുടെ നേതൃത്വത്തിലെ പൊലീസും സ്ഥലത്തെത്തി. ഇരുട്ടുമൂടിയ കാലാവസ്ഥയും വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകൾ നിറഞ്ഞ ദുർഘടാവസ്ഥയും കാരണം തിരച്ചിൽ നിർത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.