കെ-റെയിൽ സർവേ കല്ലുകൾ ഇറക്കാൻ വീണ്ടും ശ്രമം; തിരുനാവായയിൽ നാട്ടുകാർ സംഘടിച്ച്​ തിരിച്ചയച്ചു

തിരുനാവായ: സിൽവർ ലൈൻ പദ്ധതിക്കായി കല്ലിട്ട്​ സർവേ നടത്തുന്നത്​ നിർത്തിവെച്ചുവെന്ന സർക്കാർ പ്രഖ്യാപനത്തിനശേഷവും സർവേ കല്ലുകൾ ഇറക്കാൻ ശ്രമം. തിരുനാവായയിലാണ്​ രണ്ടുലോറികളിലായി കല്ലുകൾ കൊണ്ടിടാൻ കെ-റെയിൽ അധികൃതർ ശ്രമിച്ചത്​. വിവരമറിഞ്ഞ്​ നാട്ടുകാർ കൂട്ടമായെത്തി തടഞ്ഞതിനാൽ കല്ലുകൾ ഇറക്കാനാവാതെ തിരിച്ചുപോയി. തിങ്കളാഴ്ച രാവിലെയാണ്​ സംഭവം. റെയിൽവേ മേൽപാലത്തിനു താഴെ സ്ഥാപിക്കാനുള്ള കല്ലുകളാണ് തിരിച്ചയച്ചത്. രണ്ടുലോറികളിൽ കൊണ്ടുവന്ന കല്ലുകൾ തൊഴിലാളികൾ ഇറക്കുന്നതിനിടെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അധികൃതർ തിരിച്ചുകൊണ്ടുപോവുകയായിരുന്നു. കല്ലിടലും സർവേയും നിർത്തിവെച്ചെന്ന് സർക്കാർ പ്രഖ്യാപിച്ചതിനുശേഷവും ജനങ്ങളെ മൊത്തം കബളിപ്പിച്ചുകൊണ്ട്​ തിരുനാവായ മേഖലയിൽ നാട്ടാനാണ് കല്ലുകൾ കൊണ്ടുവന്നതെന്നും ഇതിൽ പ്രതിഷേധിച്ചാണ് കല്ലുകൾ തിരിച്ചയച്ചതെന്നും കെ-റെയിൽ വിരുദ്ധ സമിതി തിരുനാവായ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മുളക്കൽ മുഹമ്മദലി വ്യക്തമാക്കി. നിർത്തിവെച്ച കല്ലിടൽ വീണ്ടും തുടരാനുള്ള നീക്കം കണ്ടതിനാൽ അധികൃതരോട്​ അന്വേഷിച്ചപ്പോൾ ആദ്യം സ്വകാര്യവ്യക്തിയുടെ സ്ഥലത്തിട്ട കല്ലുകൾ എതിർപ്പിനെത്തുടർന്ന്​ ആർ.ബി.ഡി.സിയുടെ സ്ഥലത്തിടാനായി തിരുനാവായയിലേക്ക് കൊണ്ടുവന്നതെന്നായിരുന്നു പ്രതികരണം. ഇതിൽ വിശ്വാസം വരാത്തതുകൊണ്ടാണ് തിരിച്ചയച്ചതെന്ന്​ സമിതി ജില്ല കമ്മിറ്റി ഭാരവാഹിയായ സക്കറിയ പല്ലാർ പറഞ്ഞു. കുന്നത്ത് മുസ്തഫ, നജീബ് വെള്ളാടത്ത്, അബ്ദുൽ വഹാബ് പാറമ്മൽ, സി.വി. മുസ്തഫ, കുഞ്ഞു എന്നിവർ സമരത്തിന് നേതൃത്വം നൽകി. mpg thirunavaya തിരുനാവായയിൽ ഞായറാഴ്ച രാത്രിയിൽ കൊണ്ടുവന്ന് ഇറക്കിയ കെ.റെയിൽ സർവേ കല്ലുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.