ചിറ്റൂർ ബ്ലോക്കിൽ ആരോഗ്യ സർവേ നടത്തും -മന്ത്രി കെ. കൃഷ്ണൻകുട്ടി

കൊഴിഞ്ഞാമ്പാറ: ഐ.എം.എയുമായി സഹകരിച്ച് ചിറ്റൂർ ബ്ലോക്കിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി ആരോഗ്യ സർവേ നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ആരോഗ്യ വകുപ്പ്, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. കോളജിൽ സംഘടിപ്പിച്ച ജില്ലതല ആരോഗ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങൾ ശേഖരിച്ച് മുൻകരുതലുകൾ സ്വീകരിക്കുകയുമാണ് ലക്ഷ്യം. വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകും. രോഗാതുരരായി കണ്ടെത്തുന്നവർക്ക് സൗജന്യമായി വിദഗ്ധ ചികിത്സ നൽകും. പദ്ധതിക്കായി 10 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് ഒരു ആംബുലൻസ് അനുവദിച്ചു. കൊഴിഞ്ഞാമ്പാറയിൽ ഫയർഫോഴ്​സ്​ ഓഫിസ് ആരംഭിക്കാനുള്ള അനുമതിയും അതിനുള്ള തുകയും അനുവദിച്ചതായും മന്ത്രി പറഞ്ഞു. ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് ചിറ്റൂരിൽ ഗുണനിലവാരമുള്ള പാൽ ഉൽപാദിപ്പിച്ച് വിതരണം നടത്താൻ പ്രത്യേക കന്നുകാലി വളർത്തൽ പദ്ധതി ആരംഭിക്കും. ആരോഗ്യ മേളയുടെ ഭാഗമായി ആരോഗ്യ ബോധവത്കരണ റാലി സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗ പരിശോധന, ആരോഗ്യ ബോധവത്​കരണം, കണ്ണ്, ചെവി, ദന്ത പരിശോധന, മലമ്പനി, ത്വഗ്​രോഗ പരിശോധന, ക്ഷയരോഗ നിർണയം, ഗർഭിണികൾ, അമ്മമാർ, കുട്ടികൾ എന്നിവർക്കുള്ള ആരോഗ്യ പരിശോധന, അർബുദ സ്ക്രീനിങ്ങും ബോധവത്​കരണവും, എച്ച്.ഐ.വി പരിശോധന, ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യ സുരക്ഷ) ഇൻഷുറൻസ് സേവനങ്ങൾ, വിവിധ സേവന- പദ്ധതികളുടെ പ്രദർശനം, കുടുംബശ്രീ വിപണന മേള, പാലിയേറ്റിവ് ഗുണഭോക്താക്കളുടെ ഉൽപന്ന വിപണനം, യോഗ പരിശീലനം, ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ മോക്​ഡ്രിൽ എന്നിവ മേളയോട്​ അനുബന്ധിച്ച്​ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു. കെ. ശാന്തകുമാരി എം.എൽ.എ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. മുരുകദാസ്, ഡി.എം.ഒ ഡോ. കെ.പി റീത്ത എന്നിവർ പങ്കെടുത്തു. pew krishna കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. കോളജിൽ സംഘടിപ്പിച്ച ജില്ലതല ആരോഗ്യമേള മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ​ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.