കൂരിയാട് തകർന്ന ദേശീയപാതയിൽ കൂടുതൽ ആഴത്തിലും പരപ്പിലും രൂപപ്പെട്ട വിള്ളലുകൾ
വേങ്ങര: കഴിഞ്ഞദിവസം തകർന്ന ദേശീയപാത 66ലെ കൂരിയാട് വിശാലമായ നെൽവയലിന് നടുവിലൂടെ കടന്നുപോവുന്ന ഭാഗം പൂർണമായി പൊളിച്ചുനീക്കി ഇവിടെ വയഡക്റ്റ് പാലം പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡ് ഇവിടെ ആർ.ഇ കട്ടകൾ ഉപയോഗിച്ച് 15 മീറ്റർ ഉയരത്തിലാണ് കെട്ടിപ്പൊക്കിയിട്ടുള്ളത്. ഇത് വേങ്ങര തോടുവഴിയും മറ്റും പാടത്തേക്ക് ഒഴുകി എത്തുന്ന ജലത്തിന്റെയും കടലുണ്ടിപ്പുഴ കരകവിത്തൊഴുകുമ്പോഴുണ്ടാവുന്ന ജലത്തിന്റെയും നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്നു.
കൂടാതെ തോടിന് കുറുകെ നിർമിച്ച പാലത്തിന് ആവശ്യത്തിന് വീതിയില്ലാത്തതും നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. ആറുവരി പാതക്കിരുപുറവുമുള്ള സർവിസ് റോഡുകൾ നിലവിലുണ്ടായിരുന്ന ദേശീയപാതയിൽനിന്നും ഒന്നര മീറ്ററോളം താഴ്ചയിലാണ് നിർമിച്ചിട്ടുള്ളത്.
ചെറിയമഴയിൽ പോലും പാടത്തേക്ക് ഒഴുകിയെത്തുന്ന ജലം റോഡിലേക്ക് ഒഴുകി ഗതാഗത തടസ്സത്തിന് കാരണമാവുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് പെയ്ത ഇടമഴയിൽ പാടത്തുനിന്ന് വെള്ളം കയറി ഇപ്പോൾ തകർന്ന ഭാഗത്ത് സർവിസ് റോഡ് വഴി ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നതാണ്. അന്നുതന്നെ നാട്ടുകാർ റോഡിന്റെ ശോച്യാവസ്ഥയും അപകട ഭീക്ഷണിയും ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയതാണ്.
സർവിസ് സ്റ്റേഷൻ പരിസരത്ത് മീറ്ററുകളോളം നീളത്തിലും ഉയരത്തിലും റോഡ് കെട്ടിപൊക്കിയ സിമന്റ് കട്ടകൾ വ്യാപകമായി വിണ്ടുകീറിയിരുന്നു. അന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കരാറുകാർ സിമന്റ് ചാന്ത് ഉപയോഗിച്ച് വിള്ളലുകൾ അടക്കുകയാണ് ചെയ്തത്. ഇതെല്ലാം റോഡിന്റെ തകർച്ചയുടെ ലക്ഷണങ്ങളായിരുന്നെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
ഏതുസമയത്തും നീർവാഴ്ചയുള്ള പാടത്തിന് നടവിലൂടെ കുത്തനെയുള്ള മൺതിട്ട കെട്ടിപൊക്കിയ റോഡ് സുരക്ഷിതമല്ലെന്നാണ് പ്രദേശവാസികളുടെ വാദം. പാടത്ത് നീരൊഴുക്ക് കൂടുന്നതോടെ റോഡ് ഇനിയും താഴാൻ ഇടയുണ്ടെന്ന് പ്രദേശത്തെ കർഷകരും അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.