സ്കൂളുകളിൽ എത്തിച്ച സ്റ്റാമ്പിന് പണം കണ്ടെത്താനാകാതെ പ്രധാനാധ്യാപകർ

വേങ്ങര: സ്കൂളുകളിൽ എത്തിച്ച സ്റ്റാമ്പിന് പണം കണ്ടെത്താനാകാതെ പ്രധാനാധ്യാപകർ വലയുന്നു. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷവും സ്റ്റാമ്പുകൾ വിതരണം ഉണ്ടായിരുന്നുമില്ല. വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ നി‌ദേശ പ്രകാരമാണ് ഈ വർഷം ഓരോ ജില്ലയിലേക്കും സ്റ്റാമ്പുകൾ അയച്ചതെന്നറിയുന്നു. ജില്ലയിലെ സ്കൂളുകളിൽ വിതരണത്തിനായുള്ള സ്റ്റാമ്പുകൾ നേരത്തേ എത്തിയിരുന്നെങ്കിലും കോടതി വിധി മാനിച്ച് കുട്ടികളിൽനിന്ന് പണപ്പിരിവ് നടത്തിയിരുന്നില്ല.

2020-21 വർഷത്തെ സ്റ്റാമ്പാണ് ഈ വർഷം എത്തിയത്. തലേ വർഷത്തെ സ്റ്റാമ്പാണ് സാധാരണ വിൽക്കാറുള്ളത്. ആരോരുമില്ലാത്ത കുട്ടികൾക്കുള്ള സഹായത്തിനായി ശിശുക്ഷേമ സമിതി പുറത്തിറക്കിയ സ്റ്റാമ്പുകളാണിവ. എൽ.പി മുതൽ ഹൈസ്കൂൾതലം വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് വിതരണം. സ്റ്റാമ്പുകൾ അതത് ഡി.ഇ.ഒ ഓഫിസുകൾ മുഖേന ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിലേക്കും ഇവിടെനിന്ന് പ്രധാനാധ്യാപകർക്കുമായാണ് വിതരണം.

പണം പിരിച്ച് സ്റ്റാമ്പ് വിതരണം ചെയ്യുന്നത് ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കുട്ടികളിൽനിന്നും നിർബന്ധപൂർവം പണം വാങ്ങാൻ പറ്റിയിരുന്നില്ല. എന്നാൽ, കുട്ടികളിൽനിന്ന് പണം പിരിച്ചാലും ഇല്ലെങ്കിലും പ്രധാനാധ്യാപകർ ഈ തുക വിദ്യാഭ്യാസ ഓഫിസിൽ നൽകണം. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് തുക തങ്ങളുടെ പോക്കറ്റിൽനിന്നും പോകുമെന്നും പ്രധാനാധ്യാപകർ പറയുന്നു. വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് സ്റ്റാമ്പുകൾ എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിതരണം എങ്ങനെയാണെന്നുള്ള കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല.

വിതരണം നിർത്താൻ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും നി‌ർദേശം ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ഓരോ സ്കൂളിലെയും പ്രധാനാധ്യാപകരിൽ നിന്നും അതത് വിദ്യാഭ്യാസ ഉപജില്ല ഓഫിസുകൾ പണം പിരിക്കുന്നത് ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Headmasters unable to find money for stamps delivered to schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.