വള്ളിക്കുന്നിൽ പകൽസമയങ്ങളിൽ മോഷ്ടാക്കളുടെ വിളയാട്ടം

വള്ളിക്കുന്ന്: വള്ളിക്കുന്നിൽ പകൽ സമയങ്ങളിൽ അടച്ചിട്ട വീടിന്റെ വാതിലുകൾ തകർത്ത് നടത്തുന്ന മോഷണങ്ങളും മോഷണശ്രമങ്ങളും നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കുറച്ചു ദിവസങ്ങളിലായി നിരവധി വീടുകളിൽ മോഷണശ്രമവും ചില വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവരുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ അത്താണിക്കൽ കളരിപറമ്പിന് സമീപത്തെ പാറതോട് ചെറിയോടത്ത് പ്രേമന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഭാര്യ കുളിമുറിയിൽ കയറിയ സമയത്ത് പിറകുവശത്തെ വാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാര തകർത്ത് വസ്ത്രങ്ങൾ വാരി വലിച്ചിട്ടു. രണ്ട് മുറികളിലെയും ബെഡുകൾ മറിച്ചിട്ട നിലയിലാണ്. ബഹളം കേട്ട ഇവർ പറഞ്ഞതനുസരിച്ച് അടുത്ത വീട്ടിലെ കുട്ടി ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ്‌ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പരപ്പനങ്ങാടി സബ് ഇൻസ്‌പെക്ടർ അനീഷ് കെ. ജോണിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. സമീപത്തെ വീട്ടമ്മയോട് അജ്ഞാതനായ ഒരാൾ മെയിൻ റോഡിലേക്കുള്ള വഴി ചോദിച്ചിരുന്നു. ഇവരുമായി പൊലീസ് തെളിവെടുത്തു. രാവിലെ പരുത്തിക്കാട് സബ് സെന്ററിന് സമീപത്തെ വീട്ടിൽ അജ്ഞാതനായ ഒരാൾ എത്തിയിരുന്നു. ഇവിടെയുമെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. അജയ് ലാൽ, രാധാകൃഷ്ണൻ എന്നിവരും സ്ഥലത്ത് എത്തി. പകൽ ആളില്ലാത്ത വീടും അടച്ചു പോവുന്ന വീടുകളുടെ താക്കോൽ വെക്കുന്ന സ്ഥലവും മനസ്സിലാക്കിയ രീതിയിലാണ് മോഷണം. മോഷണം തുടർക്കഥയായതോടെ പൊലീസും നിരീക്ഷണം ശക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.