യാത്രക്കാരെ കയറ്റാൻ ബസ് നിർത്തിയത് കാരണം അത്താണിക്കൽ ജങ്ഷനിലുണ്ടായ ഗതാഗത കുരുക്ക്
വള്ളിക്കുന്ന്: അത്താണിക്കൽ ജങ്ഷനിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് ഗതാഗത കുരുക്കിന് കാരണമാവുന്നു. കോഴിക്കോട്-പരപ്പനങ്ങാടി, കടലുണ്ടി-കാലിക്കറ്റ് സർവകലാശാല റോഡിലെ പ്രധാന ജങ്ഷനാണ് അത്താണിക്കൽ. കാലിക്കറ്റ് സർവകലാശാല റോഡിലാണ് വാഹനങ്ങളുടെ അനധികൃത പാർക്കിങ് തുടരുന്നത്. കൂട്ടുമൂച്ചി വഴി പരപ്പനങ്ങാടി ഭാഗത്തേക്കും ഒലിപ്രം വഴി കാലിക്കറ്റ് സർവകലാശാല ഭാഗത്തേക്കും ഉൾപ്പെടെ പോവുന്ന ഒട്ടുമിക്ക ബസുകളും ജങ്ഷൻ കഴിഞ്ഞ ഉടനെയാണ് യാത്രക്കാരെ കയറ്റാൻ നിർത്തിയിടുന്നത്.
ചില ബസുകൾ 10 മിനിട്ടിൽ കൂടുതൽ സമയം ഇവിടെ നിർത്തിയിടുന്നുണ്ട്. എതിർഭാഗത്ത് ജൽജീവൻ മിഷൻ പദ്ധതിക്ക് നീളത്തിൽ കുഴിയെടുത്തതും പ്രശ്നമാണ്. ബസുകൾ ഉൾപ്പെടെ ദീർഘസമയം നിർത്തുന്നത് കോട്ടക്കടവ് ഭാഗത്തുനിന്നും ആനങ്ങാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കയറ്റം കയറി വരുന്ന വാഹന യാത്രക്കാർ പലപ്പോഴും മുന്നോട്ട് എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ബസുകൾ യാത്രക്കാരെ കയറ്റാൻ കുറച്ചുകൂടി മുൻഭാഗത്തേക്ക് മാറ്റി നിർത്തുകയാണെങ്കിൽ ഒരു പരിധി വരെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ കഴിയും. മറ്റു വാഹനങ്ങളുടെ അനധികൃത പാർക്കിങ് പൂർണമായി ഒഴിവാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.