പ്രതീകാത്മക ചിത്രം

വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്; കൈയിലൊതുക്കാൻ യു.ഡി.എഫ്, നിലനിർത്താൻ എൽ.ഡി.എഫ്

വള്ളിക്കുന്ന്: കൈവിട്ട ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും നിലനിർത്താൻ എൽ.ഡി.എഫും ശക്തമായ പ്രചാരണമാണ് വള്ളിക്കുന്നിൽ കാഴ്ചവെക്കുന്നത്. പത്ത് വർഷത്തെ യു.ഡി.എഫ് ഭരണത്തിന് തിരിച്ചടി നൽകി 2020ലാണ് എൽ.ഡി.എഫ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചത്. യു.ഡി.എഫിൽ നിലനിന്ന പടലപ്പിണക്കങ്ങൾ എൽ.ഡി.എഫിന് അനുകൂലമാകുകയും ഭരണം പിടിച്ചെടുക്കുകയുമായിരുന്നു. വർഷങ്ങളായി എൽ.ഡി.എഫ് നിലനിർത്തിയ ഭരണം 2010ലെ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന് ലഭിക്കുന്നത്.

എങ്ങനെയും ഭരണം തിരിച്ചുപിടിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് യു.ഡി.എഫ് നേരത്തെ ഉണ്ടായിരുന്ന പടലപ്പിണക്കങ്ങൾ നേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചിട്ടുണ്ട്. കൂടുതലും പുതുമുഖങ്ങൾ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥികൾ. ഭരണം നിലനിർത്താൻ തിരക്കിട്ട പ്രചാരണത്തിലാണ് എൽ.ഡി.എഫ്. 23 വാർഡുകളാണ് നേരത്തെ ഉണ്ടായിരുന്നത്. 14 സീറ്റ് എൽ.ഡി.എഫിനും ഒമ്പത് സീറ്റ് യു.ഡി.എഫിനുമായിരുന്നു. ഇടക്കുവെച്ച് എൽ.ഡി.എഫിന്റെ കുത്തകയായ ഒമ്പതാം വാർഡിൽനിന്ന് മത്സരിച്ചു ജയിച്ച യു.ഡി.എഫ് അംഗം വിനോദ്കുമാർ നേതൃത്വം പോലും അറിയാതെ രാജിവെക്കുകയും ചെയ്തു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ വാർഡ് തിരിച്ചുപിടിക്കുകയും എൽ.ഡി.എഫ് സീറ്റ് നില 15 ആവുകയും ചെയ്തു.

എൽ.ഡി.എഫ് നേതൃത്വവും തിരക്കിട്ട പ്രചാരണത്തിലാണ്. പഞ്ചായത്ത്‌ ഭരണം നിലനിർത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഓരോ ദിവസവും പ്രചാരണം നടക്കുന്നത്. തീരദേശം ഉൾപ്പെടുന്ന വള്ളിക്കുന്നിൽ വിഭജനത്തെ തുടർന്ന് അരിയല്ലൂർ, വള്ളിക്കുന്ന് വില്ലേജുകളിലായി 24 വാർഡുകളായി ഉയർന്നു. സി.പി.എം -16, സി.പി.എം സ്വതന്ത്രർ -രണ്ട്, സി.പി.ഐ -ഒന്ന്, സി.പി.ഐ സ്വതന്ത്രർ -ഒന്ന്, ഐ.എൻ.എൽ -ഒന്ന്, എൻ.സി.പി സ്വതന്ത്രൻ -ഒന്ന്, സ്വതന്ത്രർ -രണ്ട് എന്നിങ്ങനെയാണ് എൽ.ഡി.എഫ് സീറ്റ് വിഭജനം. യു.ഡി.എഫിൽ കോൺഗ്രസ്‌ 13 സീറ്റിലും ലീഗ് 11 സീറ്റിലും മത്സരത്തിനുണ്ട്.

Tags:    
News Summary - Vallikunnu Gram Panchayat; UDF to take over, LDF to retain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.