കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് മോഷണം പോയ ഇരുചക്ര വാഹനങ്ങൾ ഉപേക്ഷിച്ച നിലയിൽ
വള്ളിക്കുന്ന്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ച മോഷണം പോയ ഇരുചക്ര വാഹനങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കൽ ജങ്ഷന് സമീപം കോഴിക്കോട് റോഡിലെ ഗാലക്സി ഹാർഡ്വെയർ ഉടമ ഫസലിന്റെ സ്കൂട്ടർ ഉൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളാണ് ഡിസംബർ 30ന് പുലർച്ച 1.30ഓടെ മോഷ്ടാക്കൾ കൊണ്ടുപോയത്. കടയുടെ പിറകിലുള്ള കോൺക്രീറ്റ് കട്ടില നിർമിക്കുന്ന ഷെഡിൽ നിർത്തിയിട്ട സ്കൂട്ടർ രണ്ടുപേർ മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യം ഇവിടെയുണ്ടായിരുന്ന സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. മറ്റൊരു സ്കൂട്ടറും മോഷ്ടിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ചങ്ങല കൊണ്ട് ബന്ധിപ്പിച്ചതിനാൽ കൊണ്ടുപോവാൻ കഴിഞ്ഞില്ല.
ഇതേസമയം തന്നെ തൊട്ട് സമീപത്തെ കടലുണ്ടി പഞ്ചായത്തിൽനിന്ന് ഒരു ബൈക്കും തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ സത്യപുരത്തുനിന്ന് ഒരു ബുള്ളറ്റും മോഷണം പോയിട്ടുണ്ടായിരുന്നു. ഇതിൽ കടലുണ്ടിയിൽനിന്ന് മോഷണം പോയ ബൈക്ക് പള്ളിപ്പടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കലിൽനിന്ന് മോഷ്ടിച്ച ഫസലിന്റെ സ്കൂട്ടർ ബുള്ളറ്റ് മോഷണം പോയ സത്യപുരത്തും ഇവിടെനിന്ന് കൊണ്ടുപോയ ബുള്ളറ്റ് അരിയല്ലൂരിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ബൈക്കും സ്കൂട്ടറും ഇന്ധനം കഴിഞ്ഞ നിലയിലാണ്. മൂന്ന് ബൈക്കും കൊണ്ടുപോയത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇരുചക്ര വാഹനങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട് തേഞ്ഞിപ്പലം, പരപ്പനങ്ങാടി, കോഴിക്കോട് ജില്ലയിലെ കടലുണ്ടി എന്നീ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുണ്ട്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് കാലിക്കറ്റ് സർവകലാശാലയിലെ കായികവിഭാഗം അധ്യാപകന്റെ സ്കൂട്ടർ ചെട്ടിയാർമാട്ടെ ക്വാർട്ടേഴ്സിൽനിന്ന് മോഷണം പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.