നോക്കുകുത്തിയായിരുന്ന തിരൂരിലെ രണ്ടാമത്തെ പാലത്തിനും ശാപമോക്ഷം

തിരൂർ: തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് പണി ഉടൻ ആരംഭിക്കും. ഇതോടെ വർഷങ്ങളായി നോക്കുകുത്തിയായിരുന്ന തിരൂരിലെ രണ്ടാമത്തെ പാലത്തിനും ശാപമോക്ഷമാവുകയാണ്. സിറ്റി ജങ്ഷൻ റെയിൽവേ മേൽപാലം അപ്രോച്ച് റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. അപ്രോച്ച് റോഡിന്റെ പ്രവൃത്തിക്കായി 3.60 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ടെൻഡർ നടപടികൾ പൂർത്തിയായതായും നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിന് വേണ്ട നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയതായും കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു. നേരത്തെ, താഴെപ്പാലം പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് പണി ആരംഭിച്ചിരുന്നു. കോടികൾ ചെലവഴിച്ചിട്ടും അപ്രോച്ച് റോഡ് പണി പൂര്‍ത്തിയാവാത്തതിനെ തുടർന്ന് മൂന്ന് വർഷത്തിലേറെ താഴെപ്പാലം, സിറ്റി ജങ്ഷന്‍ പാലങ്ങൾ നോക്കുകുത്തിയായി മാറുകയായിരുന്നു. പിന്നീട് ഇരു പാലങ്ങളുമായി ബന്ധപ്പെട്ട് നിയമസഭക്കകത്തും പുറത്തും വൻ പ്രതിഷേധവും രാഷ്ട്രീയ പോരും വരെ ഉണ്ടായി. തിരൂർ നഗരവാസിയായ മന്ത്രി വി. അബ്ദുറഹ്മാൻ, എം.എൽ.എ കുറുക്കോളി മൊയ്തീൻ എന്നിവർ വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എട്ടു മാസം മുമ്പ് താഴെപ്പാലം പുതിയ പാലം സന്ദർശിക്കുകയും അപ്രോച്ച് റോഡ് പണി ഉടൻ പൂർത്തിയാക്കുമെന്നും പറഞ്ഞിരുന്നു. താഴെപാലം അപ്രോച്ച് റോഡ് പണി തകൃതിയായി നടക്കുകയാണ്.

താഴെപാലം അപ്രോച്ച് റോഡ് പണി അടുത്ത മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കാലപ്പഴക്കം കൊണ്ടും മറ്റും അപകട ഭീഷണിയുയർത്തുന്ന സിറ്റി ജങ്ഷൻ റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് പണിയും ആരംഭിക്കാൻ പോവുന്നത്. ഇരു പാലങ്ങളും തുറക്കുന്നതോടെ അപകട സാധ്യത ഒഴിവാക്കുന്നതോടൊപ്പം തിരൂരിലെ ഗതാഗതക്കുരുക്കിനും ഒരുപരിധി വരെ പരിഹാരം കാണാനാവും.

Tags:    
News Summary - The second bridge at Tirur was also cursed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.