മലപ്പുറം: ബാലനീതി നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന സ്പോൺസർഷിപ് പദ്ധതിയിൽ കഴിഞ്ഞവർഷം ജില്ലയിൽ ആനുകൂല്യം ലഭിച്ചത് 157 പേർക്ക്. ബാലനീതി നിയമപ്രകാരം പ്രത്യേക പരിഗണനയും ശ്രദ്ധയും ആവശ്യമുള്ള കുട്ടികളെ സുരക്ഷ കേന്ദ്രത്തിൽ പാർപ്പിക്കുന്നത് അവസാന ആശ്രയമായാണ്. ഇത്തരം കുട്ടികളെ വീടുകളിൽതന്നെ വളർന്നുവരാൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് സ്പോൺസർഷിപ്. 2015ൽ ആരംഭിച്ച ഈ പദ്ധതിയിൽ 2000 രൂപയാണ് ഓരോ കുട്ടിക്കും ലഭിക്കുക. പീഡനത്തിന് ഇരയായവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, രോഗികളായ രക്ഷിതാക്കളുള്ളവർ, ഭിന്നശേഷിക്കാരായ രക്ഷിതാക്കളുള്ളവർ എന്നിവർക്ക് ഉൾപ്പെടെ സാമ്പത്തിക സഹായം ലഭിക്കും. 2020ൽ 150 പേർക്കും 2019ൽ 63 പേർക്കും ആനുകൂല്യം ലഭിച്ചു. കേന്ദ്ര സംയോജിത ശിശുവികസന സേവന പദ്ധതിയിലും സംസ്ഥാന സർക്കാറിന്റെ വിജ്ഞാന ദീപ്തി പദ്ധതിയിലും ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്. കുട്ടികളെ സ്ഥാപനത്തിലേക്ക് പോകാൻ സാധ്യതയുണ്ടെങ്കിൽ അതിനെ തടയുന്നതിന് പ്രിവന്റീവ് സ്പോൺസർഷിപ്, കുട്ടി സ്ഥാപനത്തിലുണ്ടെങ്കിൽ വീട്ടിലേക്ക് എത്തിക്കുന്നതിന് റീഹാബിറ്റേറ്റീവ് സ്പോൺസർഷിപ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
സ്പോൺസർഷിപ് പദ്ധതിയിൽ ആനുകൂല്യം അനുവദിക്കുന്നത് ജില്ലതലത്തിൽ സ്പോൺസർഷിപ് ഫോസ്റ്റർ കെയർ അപ്രൂവൽ കമ്മിറ്റിയാണ്. ജില്ല ശിശുസംരക്ഷണ യൂനിറ്റ് ഓഫിസർ, പ്രൊട്ടക്ഷൻ ഓഫിസർ, സി.ഡബ്ല്യു.സി അംഗം എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ്. യോഗ്യരായ കുട്ടികൾക്ക് 18 വയസ്സ് വരേയോ തുടർച്ചയായി മൂന്നുവർഷമോ ആനുകൂല്യം ലഭിക്കും. ജില്ല ശിശു സംരക്ഷണ യൂനിറ്റ് ഓഫിസിലെ ഉദ്യോഗസ്ഥർ വീടുകളിൽ എത്തി പഠനം നടത്തിയാണ് കുട്ടികളെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. വിവരങ്ങൾക്ക് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ്, മഞ്ചേരി. ഫോൺ: 0483 2978888.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.