തുവ്വൂർ തെക്കുംപുറം മോഷണ പരമ്പര; ക്രൈം ബ്രാഞ്ച് തുടരന്വേഷണം തുടങ്ങി

തുവ്വൂർ: പത്ത് വർഷത്തിനുള്ളിൽ തുവ്വൂർ തെക്കുംപുറം മേഖലയിലുണ്ടായ മോഷണ പരമ്പരകളെകുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ജില്ല പൊലീസ് സൂപ്രണ്ടിന്റെ നിർദേശത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണത്തിന് തുടക്കമിട്ടത്. കരുവാരകുണ്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളുടെ രേഖകൾ, പരാതിക്കാരുടെ മൊഴികൾ, ശാസ്ത്രീയ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കലാണ് ആദ്യഘട്ടം. ഇതിന്റെ അടിസ്ഥാനത്തിലാവും തുടരന്വേഷണം നടക്കുക.

തെക്കുംപുറം ഗ്രാമത്തിന്റെ അരക്കിലോമീറ്റർ പരിധിക്കുള്ളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി മോഷണങ്ങളാണ് നടന്നത്. ഒന്നിലും പ്രതികൾ പിടിക്കപ്പെട്ടതുമില്ല. ഇതിനെതിരെ ആഭ്യന്തര മന്ത്രിക്ക് പ്രദേശവാസിയായ പി.എം.കെ. സിറാജുദ്ദീൻ നിവേദനം നൽകി. മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഇപ്പോഴത്തെ അന്വേഷണം. 2025 നവംബർ മൂന്നിന് തസ്നി റഫീഖിന്റെ വീട്ടിൽനിന്ന് മോഷ്ടാക്കൾ നാലുപവൻ സ്വർണവും 20,000 രൂപയും കവർന്നതായി രേഖകളിൽ പറയുന്നു. 2025 ഏപ്രിൽ 25ന് ഇല്ലിക്കൽ ഇബ്രാഹിം ഹാജിയുടെ വീടിന്റെ ഒന്നാം നിലയുടെ വാതിൽ പൂട്ട് തകർത്തും മോഷണശ്രമം നടന്നു. 2021 മേയ് അഞ്ചിന് തെക്കുംപുറം ജുമാ മസ്ജിദിലെ ഇമാമിന്റെ മുറിയിൽനിന്ന് 40,000 രൂപയാണ് മോഷണം പോയത്.

2017 സെപ്റ്റംബർ 22ന് പ്രവാസിയുടെ വീടിന്റെ കിടപ്പുമുറിയുടെ വാതിൽ തകർത്ത് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഇതിനുപുറമെ, നിരവധി മോഷണശ്രമങ്ങളും രാത്രികാല അതിക്രമങ്ങളും പൊതുസ്വത്ത് നശീകരണ ശ്രമങ്ങളും നടന്നിട്ടുണ്ട്. ഇതിൽ പലതിലും പൊലീസ് എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അന്വേഷണം ഇഴയുകയും പിന്നീട് നിലക്കുകയും ചെയ്തത് മോഷ്ടാക്കൾക്ക് തുണയായി. റെയിൽവേ സ്റ്റേഷൻ ഉള്ള പ്രദേശമായതിനാൽ ദൂരസ്ഥലങ്ങളിൽനിന്ന് എത്തി മോഷണം നടത്തി മടങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇത് കുടുംബങ്ങളുടെ സ്വൈരം ഇല്ലാതാക്കിയപ്പോഴാണ് നാട്ടുകാർ തുടരന്വേഷണം ആവശ്യപ്പെട്ടത്.

Tags:    
News Summary - Series of thefts; Crime Branch begins further investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.