മൃതദേഹങ്ങൾ വീട്ടിൽ എത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാനെത്തിയവർ വിതുമ്പുന്നു
തിരൂർ: പുറത്തൂർ ഭാരതപ്പുഴയിൽ തോണിയിൽ കക്ക വാരാനിറങ്ങിയ ആറംഗം സംഘം അപകടത്തിൽപ്പെട്ട് നാലുപേർ മരിച്ച സംഭവം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. അപകടത്തിലകപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഒന്നടങ്കം വിഷമിച്ചു. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തിരൂർ ജില്ല ആശുപത്രിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പല ജനപ്രതിനിധികളും അപകടത്തിൽ പെട്ടവരുടെ വീടുകളും സന്ദർശിച്ചു.
കക്ക വാരൽ ഉപജീവനമാക്കിയ സ്ത്രീകളുൾപ്പെടെയുള്ള ധാരാളം പേരാണ് ഈ പ്രദേശത്തുള്ളത്. സ്വന്തമായി തോണിയുള്ളവർ ചിലപ്പോൾ ഒറ്റക്കും അല്ലാത്തവർ സംഘമായും കക്ക വാരിയാണ് ദൈനംദിന ചെലവുകൾ തള്ളിനീക്കുന്നത്. സാധാരണ വേലിയിറക്ക സമയത്താണ് മിക്കവരും കക്ക വാരാനിറങ്ങുന്നത്. വെള്ളം കുറവുള്ള സമയങ്ങളിൽ അടിത്തട്ടിൽനിന്ന് ഇരുമ്പുകോരി കൊണ്ടോ മറ്റോ കക്ക വാരിയെടുക്കാൻ എളുപ്പമാണ്. കക്കയിറച്ചി കിലോക്ക് 200 മുതൽ 250 വരെ രൂപയാണ് ലഭിക്കുക.
സാധാരണ പോലെയാണ് ശനിയാഴ്ചയും അയൽവാസികളും ബന്ധുക്കളുമായ ആറംഗ സംഘം വൈകീട്ട് നാലോടെ തോണിയിൽ കക്ക വാരാനിറങ്ങിയത്. വേലിയേറ്റ സമയത്ത് പെട്ടെന്ന് തോണി തുഴഞ്ഞ് എത്താനാകുമെന്ന് കരുതിയുള്ള തിരിച്ചുവരവിൽ അമിതഭാരത്താൽ തോണി താഴുകയും അപകടത്തിൽ പെടുകയുമായിരുന്നു.
മലപ്പുറം: തോണി അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ജില്ല മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അവരുടെ ഉപജീവനത്തിന് മാർഗമായി കക്ക വാരാൻ പോയതുവഴി ഉണ്ടായ ജീവഹാനിക്ക് സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദുരന്തത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
തിരൂർ: പുറത്തൂരിൽ തോണി മറിഞ്ഞ് ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായധനം അടുത്ത മന്ത്രിസഭ യോഗത്തിൽ തീരുമാനിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾക്ക് അന്തിമോപചാരമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര ധനസഹായം അനുവദിക്കുന്നതിന് ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ മന്ത്രിമാരുൾപ്പെടെ ജനപ്രതിനിധികൾ ആശ്വസിപ്പിച്ചു. കായിക -ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ, എം.എൽ.എമാരായ ഡോ. കെ.ടി. ജലീൽ, കുറുക്കോളി മൊയ്തീൻ, തിരൂർ നഗരസഭ അധ്യക്ഷ എ.പി. നസീമ, പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ, എ.ഡി.എം എൻ.എം. മെഹറലി, സബ് കലക്ടർ സച്ചിൻ കുമാർ യാദവ്, തഹസിൽദാർ പി. ഉണ്ണി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ജില്ല പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ എടശ്ശേരി, ഇ. അഫ്സൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ, നഗരസഭ ഉപാധ്യക്ഷൻ പി. രാമൻകുട്ടി, ഡെപ്യൂട്ടി കലക്ടർ പി. മുരളി, അർബൻ ബാങ്ക് ചെയർമാൻ ഇ. ജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. കൃഷ്ണദാസ്, അഡ്വ. പി. ഹംസക്കുട്ടി, അഷ്റഫ് കോക്കൂർ, അഡ്വ. പി. നസ്റുല്ല, ഇബ്രാഹിം മുതൂർ, എം. അബ്ദുല്ലക്കുട്ടി എന്നിവരും തിരൂർ ജില്ല ആശുപത്രിയിൽ സന്നിഹിതരായിരുന്നു.
ഭാരതപ്പുഴയിൽ ശനിയാഴ്ച ഉച്ചയോടെ കക്ക വാരാൻ പോയ സ്ത്രീകളുൾപ്പെടെയുള്ള ആറംഗ സംഘമാണ് കരയിലേക്ക് മടങ്ങുന്നതിനിടെ തോണി മുങ്ങി ഒഴുക്കിൽപ്പെട്ടത്. സംഭവത്തിൽ രണ്ട് സഹോദരിമാരുൾപ്പെടെ നാലുപേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.