മലപ്പുറം: പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലെ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ നിയന്ത്രണ വിധേയമെന്ന് കലക്ടര്‍ വി.ആര്. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ -ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായാണ് കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍, പൊലീസ് എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും മേഖലയിലെ കിണറുകളില്‍ ക്ലോറിനേഷന് നടത്താനും കലക്ടര്‍ നിര്‍ദേശം നല്കി.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കണ്ട്രോള് സെല്‍ തുറന്നിട്ടുണ്ട്. ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സകള്‍ക്ക് വിധേയമാകാതെ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിലെത്തണമെന്ന് കലക്ടര്‍ അറിയിച്ചു. രോഗ ലക്ഷണമുള്ളവര്‍ വീടുകളില്‍ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ ഐസൊലേഷനില്‍ കഴിയണം.
രോഗബാധ പകരാന്‍ കാരണമായതായി കരുതപ്പെടുന്ന പ്രദേശത്തെ ബേക്കറി അടച്ചുപൂട്ടിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശിക്കാണ് രോഗബാധയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഹോട്ടല്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് ഉൾപ്പെടെ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധിക്കും.
കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളില്‍ ജല അതോറിറ്റിയുടെ സഹായത്തോടെ ശുദ്ധീകരിച്ച ജലം എത്തിക്കും. ആദിവാസി മേഖലകളിലുൾപ്പെടെ രോഗബാധ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പട്ടികവര്‍ഗ വിഭാഗത്തിനും നിര്‍ദേശം നല്കി. അഴുക്കുചാല്‍ വഴി വീടുകളിലെ കുളിമുറി മാലിന്യം ഉൾപ്പെടെ ഒഴുക്കിവിടുന്നതായി ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക, ജില്ല സര്‍വയലന്‍സ് ഓഫിസര്‍ ഡോ. സി. ഷുബിന്‍, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. അനൂപ് ടി.എൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വേനല്‍ കനത്തതിനാല്‍ തണുത്ത ജ്യൂസ് ഉൾപ്പെടെ പാകംചെയ്യാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുന്നത് രോഗസാധ്യത വർധിക്കാന്‍ ഇടയാക്കുമെന്ന് യോഗം വിലയിരുത്തി. കുടിക്കാന്‍ യോഗ്യമായ വെള്ളം ഉപയോഗിച്ച് തയാറാക്കിയ ഐസുകള്‍ മാത്രമേ ജ്യൂസ് കടകളില്‍ ഉപയോഗിക്കാവൂ. പാനീയങ്ങള്‍ തയാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളമോ ഐ.എസ്.ഐ ഗുണനിലവാര മുദ്രണമുള്ള വെള്ളമോ മാത്രം ഉപയോഗിക്കണം. തിളപ്പിച്ചാറിയ വെള്ളം തയാറാക്കുമ്പോള്‍ പച്ച വെള്ളം ചേര്‍ത്ത് നല്‍കുന്നതും ഒഴിവാക്കണം. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ഭക്ഷ്യസുരക്ഷ വിഭാഗത്തിന് കലക്ടര്‍ നിർദേശം നല്കി.
മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടര്‍ന്ന് ശനിയാഴ്ച മരിച്ച 37 വയസ്സുകാരനുൾപ്പെടെ മൂന്ന് മരണങ്ങളാണ് പോത്തുകല്ല് മേഖലയിലുണ്ടായിട്ടുള്ളത്. നേരത്തേ 47ഉം 60ഉം വയസ്സുള്ള പുരുഷന്മാര് മരിച്ചിരുന്നു. 39 പേരാണ് ഇപ്പോൾ ആശുപത്രികളിലുള്ളത്. പോത്തുകല്ല് മേഖലയില്‍ മാത്രം 24 പുതിയ കേസുകള്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതോടൊപ്പം അഡ്മിറ്റ് ചെയ്യാത്തതായി 30 കേസുകള്‍ എടക്കരയിലുമുണ്ട്. ഇതുവരെ ആകെ 232 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. പ്രദേശത്ത് വ്യാപകമായ രീതിയില്‍ ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.