പൊന്നാനി ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടർ പൊട്ടിയപ്പോൾ
പൊന്നാനി: ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകളിൽ ഒന്ന് പൊട്ടി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഷട്ടർ പൊട്ടിയതോടെ തടഞ്ഞുനിർത്തിയ ഉപ്പുവെള്ളം കോൾ നിലങ്ങളിലേക്ക് ഇരച്ചെത്തി. ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജിലെ പത്ത് ഷട്ടറുകളിലൊന്നാണ് തകർന്നത്.
ഇതുമൂലം റെഗുലേറ്ററിന്റെ പടിഞ്ഞാറ് ഭാഗത്ത് സംഭരിച്ചു നിർത്തിയ ഉപ്പുവെള്ളം കിഴക്കുഭാഗത്തെ കോൾ പാടങ്ങളിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ്. മാറഞ്ചേരി, എടപ്പാൾ, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം ഏക്കർ കോൾപാട ശേഖരങ്ങൾക്കാണ് ഉപ്പുവെള്ളം പ്രയാസമായി തീരുക.
രണ്ട് വർഷം മുമ്പ് ചോർച്ചയുണ്ടായെങ്കിലും ഷീറ്റ് മാറ്റുന്ന പ്രവർത്തനങ്ങൾ ഉൾപ്പടെ നടത്തിയിരുന്നില്ല. ഇതാണ് ഷട്ടർ തകരാനിടയാക്കിയത്. 16 വർഷം മുമ്പ് നിർമിച്ച പാലത്തിന്റെ ഷട്ടറുകളിൽ പകുതിയും തുറക്കാൻ കഴിയാത്തതിനാൽ വർഷങ്ങൾക്ക് മുമ്പാണ് താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയത്. ഈ ഷട്ടറുകളിലൊന്നാണ് പൊട്ടിയത്.
16 വർഷം മുമ്പ് നിർമിച്ച റെഗുലേറ്ററിൽ ഇതുവരെ ഷട്ടറുകളിൽ വലിയ രീതിയിലുള്ള അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. നിലവിൽ മൈൽഡ് സ്റ്റീൽ ഉപയോഗിച്ചാണ് ഷട്ടർ നിർമിച്ചത്. സ്റ്റൈൻലസ് സ്റ്റീൽ ഉപയോഗിച്ച് ഷട്ടർ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. ഷട്ടറിലെ ചോർച്ച തടയാൻ താൽക്കാലികമായി മണൽ ചാക്കുകൾ വെച്ച് അടക്കുമെന്ന് ഇറിഗേഷൻ എ.എക്സ്.ഇ സുരേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.