പൊന്നാനിയിലെ 12 ടൂറിസ്റ്റ് ബോട്ടുകളിൽ ഹാർബർ ക്രാഫ്റ്റ് ലൈസൻസ് അഞ്ചെണ്ണത്തിന് മാത്രം

പൊന്നാനി: തുറമുഖ വകുപ്പിന്‍റെ കണക്ക് പ്രകാരം പൊന്നാനി ഭാരതപ്പുഴയിൽ സർവിസ് നടത്തുന്ന 12 ടൂറിസ്റ്റ് ബോട്ടുകളിൽ ഹാർബർ ക്രാഫ്റ്റ് ലൈസൻസുള്ളത് അഞ്ചെണ്ണത്തിന് മാത്രമെന്ന് അധികൃതർ.

കൂടാതെ നിരവധി പുതിയ ടൂറിസ്റ്റ് ബോട്ടുകളാണ് അനുമതി തേടി തുറമുഖ വകുപ്പിനെ സമീപിച്ചത്. അതേസമയം, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ സർവിസ് നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചു.

ടൂറിസ്റ്റ് ബോട്ടുകളുടെ ക്രമീകരണങ്ങൾ സംബന്ധിച്ച് കോഴിക്കോട് പോർട്ട് ഓഫിസർ അശ്വനി പ്രതാപിന്‍റെ നേതൃത്വത്തിൽ പൊന്നാനിയിൽ യോഗം ചേർന്നു. രാത്രികാല ബോട്ടിങ് നിർത്തലാക്കാൻ തീരുമാനിച്ചു.

അനുമതിയുള്ള രാവിലെ 10 മുതൽ വൈകീട്ട് 6.15 വരെയുള്ള സമയം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും. രാത്രി ടൂറിസ്റ്റ് ബോട്ടുകൾ അലങ്കാരവിളക്കുകളിട്ട് സർവിസ് നടത്തുന്നത് മത്സ്യത്തൊഴിലാളികൾക്ക് പ്രയാസമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് രാത്രികാല സർവിസിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

പരമ്പരാഗത വള്ളങ്ങൾ രൂപമാറ്റം നടത്തി ടൂറിസ്റ്റ് ബോട്ടുകളാക്കി ഉപയോഗിക്കുന്നത് തടയും. ഇൻലാൻഡ് വെസൽ ആക്ട് പ്രകാരമുള്ള ലൈസൻസും ഹാർബർ ക്രാഫ്റ്റ് ലൈസൻസും നിർബന്ധമാക്കും.

ഇതിന്‍റെ ഭാഗമായി അടുത്ത ദിവസം വിശദമായ ലൈസൻസ് പരിശോധന നടക്കും. അപകടകരമായ താൽക്കാലിക ജെട്ടികൾ പുതുക്കി പണിയാനും ലൈഫ് ജാക്കറ്റ് എല്ലാ യാത്രക്കാർക്കും നൽകാനും തീരുമാനിച്ചു. യാത്രക്കാർക്ക് സുരക്ഷ മാർഗനിർദേശങ്ങൾ നൽകുകയും ബോട്ടിന്‍റെ ഭാരശേഷി, എൻജിൻ വിവരങ്ങൾ, ലൈസൻസ് എന്നിവ പരസ്യമായി പ്രദർശിപ്പിക്കണമെന്നും നിർദേശം നൽകി.

Tags:    
News Summary - Of the 12 tourist boats in Ponnani, only five have harbor craft licenses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.